വൃദ്ധ സദനത്തില്‍ വച്ച് മരിച്ച പിതാവിന്റെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും തയ്യാറാകാതെ മക്കള്‍.മുംബൈ സ്വദേശിയായ ശിവ്ചരണ്‍ റാം റതന്‍ ഗുപ്ത എന്ന ടെക്സ്റ്റൈല്‍ വ്യാപാരിയുടെ സംസ്കാര ചടങ്ങിലാണ് മക്കള്‍ വീഡിയോ കോളിലൂടെ പങ്കെടുത്തത്.സോനിപത്തിലെ വെസ്റ്റ് റാം നഗറില്‍ സമാജ് കല്യാണ്‍ ശിക്ഷാ സമിതി എന്ന സംഘടന നടത്തുന്ന വൃദ്ധ സദനത്തിലായിരുന്നു ശിവ്ചരണ്‍ റാം റതന്‍ ഗുപ്ത തങ്ങിയിരുന്നത്. ഭാര്യ മീനയ്ക്കൊപ്പം ഒന്നര വര്‍ഷം മുന്‍പാണ് ശിവ്ചരണ്‍ റാം റതന്‍ ഗുപ്ത ഇവിടേക്ക് എത്തിയത്. മീന നേരത്തെ മരണപ്പെട്ടിരുന്നു. മുംബൈയിലും ഉത്തര്‍ പ്രദേശിലും നേപ്പാളിലുമാണ് ഇവരുടെ മക്കള്‍ കഴിയുന്നത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3.30ഓടെയാണ് ശിവ്ചരണ്‍ റാം റതന്‍ ഗുപ്ത മരണപ്പെടുന്നത്. പിന്നാലെ ശിവ്ചരണ്‍ റാം റതന്‍ ഗുപ്തയുടെ മൂന്ന് പെണ്മക്കളേയും വൃദ്ധസദനത്തിന്റെ നടത്തിപ്പുകാര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സോനിപ്പത്തിലേക്ക് എത്താനാകില്ലെന്നായിരുന്നു മക്കള്‍ വിശദമാക്കിയത്.വീഡിയോ കോളിലൂടെ ചടങ്ങുകള്‍ ലൈവായി കണ്ട മക്കള്‍ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാനായി 5100 രൂപ അയച്ച് നല്‍കുകയായിരുന്നു.
ശിവ്ചരണ്‍ റാം റതന്‍ ഗുപ്ത രോഗബാധിതനായതിന് ശേഷം പെണ്മക്കള് ഫോണ്‍ വിളിച്ചിരുന്നില്ലെന്നാണ് വൃദ്ധസദനം ജീവനക്കാര്‍ വിശദമാക്കുന്നത്. 20 ദിവസത്തിന് മുന്‍പ് തന്നെ ശിവ്ചരണ്‍ റാം റതന്‍ ഗുപ്തയുടെ അവസ്ഥ വളരെ മോശമാണെന്ന് മൂന്ന് പുത്രിമാരേയും അറിയിച്ചിരുന്നുവെന്നും വൃദ്ധസദനം ജീവനക്കാര്‍ വിശദമാക്കി. നേപ്പാളില്‍ അധ്യാപികയായി ജോലി നോക്കുന്ന മകളാണ് 5100 രൂപ സംസ്കാര ചടങ്ങുകള്‍ക്കായി അയച്ച് നല്‍കിയത്. സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ചടങ്ങുകളുടെ വീഡിയോ അയച്ച് നല്‍കണമെന്നും ശിവ്ചരണ്‍ റാം റതന്‍ ഗുപ്തയുടെ മക്കള്‍ ആവശ്യപ്പെട്ടിരുന്നതായാണ് വൃദ്ധ സദനത്തിന്റെ നടത്തിപ്പുകാര്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.

