ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പിജി മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു.രാജമുണ്ട്രിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ പിജി വിദ്യാർഥിനി ഡോ. പ്രിയങ്ക (29) ആണ് മരിച്ചത്. സംഭവത്തില്‍ സുരാവരപു ദുഷ്യന്ത്, ആൻഡ്രൂ ജോസഫ് എഡ്വേർഡസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഓഗസ്റ്റ് മൂന്നിന് രാത്രി മാളിന് മുന്നില്‍വച്ച് പ്രിയങ്കയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നില്‍ കാർ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാളിലെ സിനിമാ തിയേറ്ററിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഇവരെ മദ്യപിച്ചെത്തിയെന്ന കാരണത്താല്‍ സുരക്ഷാ ജീവനക്കാർ തടഞ്ഞിരുന്നു. ഇതിലുണ്ടായ വാക്കുതർക്കത്തിനു ശേഷമാണ് ഇവർ മാളില്‍ നിന്ന് കാറില്‍ മടങ്ങിയത്.തുടർന്ന് പ്രിയങ്കയുടെ സ്കൂട്ടറിന് പിന്നില്‍ ഇടിക്കുകയും, റോഡില്‍ വീണ പ്രിയങ്കയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയുമായിരുന്നു. അപകടത്തില്‍ പ്രിയങ്കയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരുക്കേറ്റിരുന്നു.ഗുരുതരമായ തലച്ചോറിന് പരിക്കേറ്റ പ്രിയങ്കയെ ആദ്യം രാജമുണ്ട്രിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

