പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇദ്ദേഹം നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.സൈനിക രഹസ്യങ്ങൾ ചോർത്തുന്ന വലിയൊരു ചാര ശൃംഖലയിലേക്കാണ് ഈ അറസ്റ്റ് വിരൽ ചൂണ്ടുന്നതെന്ന് ഡൽഹി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഒരുക്കിയ ഹണി ട്രപ്പിൽ വിങ് കമാൻഡർ പെടുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.അറസ്റ്റിലായ ഉദ്യോഗസ്ഥൻ സഹപ്രവർത്തകരുടെ മൊബൈൽ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്നതിനായി വിവരങ്ങൾ ചോർത്തുന്ന സോഫ്റ്റ്വെയർ (Spyware) ഇൻസ്റ്റാൾ ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

