ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ ഒന്നുമില്ലെന്നും, ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഔദ്യോഗികമായി ഇതുവരെ കത്തുകളൊന്നും കിട്ടിയിട്ടില്ലെന്നും, അന്നത്തെ കായിക മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.എന്നാൽ, മെസിയുടെ വരവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ ഗൗരവകരമായ കണ്ടെത്തലുകളാണ് ഉള്ളത്.സർക്കാരിന് സാമ്പത്തിക നഷ്ടത്തിനൊപ്പം മറ്റ് ബാധ്യതകളും ഈ ഇടപാടുകൾ ഉണ്ടാക്കിയെന്നും, ഇത് കായികരംഗത്ത് കേരളത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കിയെന്നുമാണ് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.സ്വകാര്യ കരാർ തർക്കത്തിൽ സംസ്ഥാന സർക്കാരിനെയും കക്ഷിയാക്കിയത് സർക്കാരിനെ നിയമവ്യവഹാരങ്ങളിലേക്ക് തള്ളിവിടുന്നതാണെന്നും, ഇത് ഭരണസംവിധാനത്തിന്റെ വിശ്വാസ്യത തകർത്തുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.കൂടാതെ, കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ക്ഷണിച്ചുവരുത്തുന്ന നടപടികൾ ഉണ്ടായെന്നും, സർക്കാർ സംവിധാനങ്ങൾ ചട്ടം മറികടന്ന് കാര്യങ്ങൾ കൈമാറുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

