വന്ദേമാതര വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.മുഖ്യമന്ത്രി ആർഎസ്എസിന് പൂർണമായും കീഴടങ്ങിയെന്നും വന്ദേമാതരം മുഴുവൻ ആലപിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് സർക്കാരിന്റെ നിർദേശപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു.വന്ദേമാതരമോ ദേശീയഗാനമോ മുഴുവൻ ആലപിച്ചില്ലെങ്കില്‍ മൂന്ന് വർഷം തടവ് ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവിരുദ്ധമാണ്. ആലാപനത്തിനിടെ മനഃപൂർവം തടസമുണ്ടാക്കിയാല്‍ മാത്രമാണ് നിയമനടപടിക്ക് വ്യവസ്ഥയുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തുതന്നെ വന്ദേമാതരത്തിന്റെ ആദ്യ വരികള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു. ആ നിലപാടില്‍നിന്ന് മുഖ്യമന്ത്രി വ്യതിചലിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. വന്ദേമാതരം പൂർണമായി ആലപിക്കാത്തവർക്ക് ജയില്ശിക്ഷയുണ്ടാകുമെന്ന തരത്തിലുള്ള പ്രസ്താവന നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര നിർദേശം നടപ്പാക്കുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയ്തതെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും ഗോവിന്ദൻ വിമർശിച്ചു. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന സർക്കാരിന്റെ നയം നടപ്പാക്കേണ്ടത് ചീഫ് സെക്രട്ടറിയുടെ ചുമതലയാണോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയെ സർക്കുലർ അയയ്ക്കുന്ന പോസ്റ്റ് ഓഫീസ് ആക്കി മാറ്റുകയാണോയെന്നും ഗോവിന്ദൻ പരിഹസിച്ചു.പിഎംഎവൈ അർബൻ പദ്ധതിയില്‍ കേന്ദ്ര സർക്കാരിന്റെ മുദ്ര ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി നല്‍കിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

