സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികള്‍

സംസ്ഥാനത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും.തുടർന്ന് ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടിയുണ്ടാകും. വിവിധ സേനാവിഭാഗങ്ങള്‍, അശ്വാരൂഢസേന, എൻ.സി.സി., സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്‌റ്‌സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യും. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍, ഫയർ സർവീസ് മെഡലുകള്‍, കറക്ഷണല്‍ സർവീസ് മെഡലുകള്‍, ജീവൻരക്ഷാ പതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. തുടർന്ന് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും എൻ.സി.സി. കേഡറ്റുകളുടെ അശ്വാഭ്യാസ പ്രകടനങ്ങളും ഉണ്ടായിരിക്കും.

മന്ത്രിമാരായ ഷിബു ബേബി ജോണ്‍ കൊല്ലത്തും പി.സി. വിഷ്ണുനാഥ് പത്തനംതിട്ടയിലും എം. ലിജു ആലപ്പുഴയിലും മോൻസ് ജോസഫ് കോട്ടയത്തും അനൂപ് ജേക്കബ് ഇടുക്കിയിലും റോജി എം. ജോണ്‍ എറണാകുളത്തും ഒ. ജെ. ജനീഷ് തൃശൂരിലും എൻ. ഷംസുദ്ദീൻ പാലക്കാടും പി. കെ. ബഷീർ മലപ്പുറത്തും എ. പി. അനില്‍കുമാർ കോഴിക്കോട്ടും ടി. സിദ്ദിഖ് വയനാട്ടിലും സണ്ണി ജോസഫ് കണ്ണൂരും കെ. എം. ഷാജി കാസറഗോഡും നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.

സംസ്ഥാന സർക്കാർ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സർവകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതാണ്.സബ് ഡിവിഷൻ തലത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും രാവിലെ 9 മണിക്കോ അതിനുശേഷമോ ദേശീയ പതാക ഉയർത്തും. തുടർന്ന് വിശിഷ്ടാതിഥിയുടെ സന്ദേശം, ദേശീയ ഗാനാലാപനം എന്നിവയുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കോർപ്പറേഷനുകളില്‍ മേയറും മുനിസിപ്പാലിറ്റികളില്‍ ചെയർപേഴ്‌സണും ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് പ്രസിഡന്റും ദേശീയ പതാക ഉയർത്തും. തുടർന്ന് വിശിഷ്ടാതിഥിയുടെ സന്ദേശം, ദേശീയ ഗാനാലാപനം, ദേശഭക്തിഗാനങ്ങള്‍ തുടങ്ങിയവയുണ്ടാകും.

സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപനമേധാവി ദേശീയ പതാക ഉയർത്തും. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സന്ദേശം, ദേശഭക്തിഗാനാലാപനം, മറ്റ് പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും.എല്ലാ ആഘോഷപരിപാടികളിലും ഹരിത പ്രോട്ടോക്കോളും മറ്റു നിർദേശങ്ങളും കർശനമായി പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്ഥാപനമേധാവികളും ഉറപ്പുവരുത്തണം. ദേശീയ പതാക ഉയർത്തുമ്പോള്‍ ഭാരതത്തിന്റെ പതാകസംഹിത (Flag Code of India), 2002-ലെ വ്യവസ്ഥകള്‍ കർശനമായി പാലിക്കപ്പെടുന്നുവെന്ന് സ്ഥാപനമേധാവികള്‍/ഉദ്യോഗസ്ഥർ ഉറപ്പാക്കേണ്ടതാണ്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് ആദരസൂചകമായി നില്‍ക്കേണ്ടതാണ്. നാഷണല്‍ സല്യൂട്ട് നല്‍കുന്ന അവസരങ്ങളില്‍ യൂണിഫോമിലുള്ള എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും സല്യൂട്ട് നല്‍കണം. പ്ലാസ്റ്റിക് ഉപയോഗിച്ച്‌ നിർമിച്ച ദേശീയ പതാകയുടെ നിർമാണം, വിതരണം, വില്പന, ഉപയോഗം എന്നിവ പൂർണമായും നിരോധിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി

മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടന്നത്.കാര്യപരിപാടികളില്‍ ഉള്‍പ്പെടുത്തിയത് ദേശീയ...

വന്ദേമാതര വിവാദം: മുഖ്യമന്ത്രി കീഴടങ്ങിയത് ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിനെന്ന് ഷോൺ ജോർജ്

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടതെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.ദേശീയ താല്പര്യങ്ങൾക്ക്...

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം

ഒരു ദുരന്തമുഖത്ത് നിന്നാണ് നമ്മള്‍ അതിജീവിച്ച് വന്നത്. നിരവധി സഹോദരങ്ങളുടെ ജീവന്‍ നഷ്ടമായി. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നിനും സാധിക്കില്ല....

2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു മികച്ച സേവനം കാഴ്ച വച്ച പോലീസ് ഉദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു. സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിന്റെയും അടിസ്ഥാനത്തിൽ 281...