ശബരിമല സ്വർണക്കവർച്ച കേസ്; ഈ മാസം 25നകം അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐടി, അന്വേഷണ പുരോഗതി ഹൈക്കോടതിയെ അറിയിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കുക.2025-ലെ സ്വർണപ്പാളി കേസിലും ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിലും ഒരുമിച്ചാണ് കുറ്റപത്രം നൽകുന്നത്.അതേസമയം കേസിലെ അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി അറിയിച്ചു.ഇന്ന് കേസിന്റെ അന്വേഷണ പുരോഗതി ഹൈക്കോടതി പരിഗണിച്ച സമയത്താണ് സെപ്തംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്ന കാര്യം എസ്ഐടി കോടതിയെ ബോധ്യപ്പെടുത്തിയത്.ഹൈക്കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടന്നത്.കേസിൻ്റെ അന്വേഷണ പുരോഗതിയും വിശദാംശങ്ങളും എസ്‌ഐടി തലവൻ നേരിട്ട് ഹാജരായി കോടതിയെ ധരിപ്പിക്കുകയായിരുന്നു.ജംഷഡ്പൂരിലെ ശാസ്ത്രീയ പരിശോധനാ ലാബിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കാൻ കാലതാമസം നേരിട്ടതാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.റിപ്പോർട്ട് ഇപ്പോൾ ലഭ്യമായിട്ടുണ്ടെന്നും സെപ്തംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്നും എസ്ഐടി അറിയിച്ചു.അന്വേഷണം അടിയന്തരമായി പൂർത്തിയാക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി, ഇന്ന് വൈകുന്നേരത്തോടെ കേസിന്റെ വിശദാംശങ്ങൾ അടങ്ങിയ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.

