സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 80 രൂപ കടന്ന സാഹചര്യത്തിൽ വിപണിയിൽ ഇടപെടലുമായി സർക്കാർ രംഗത്തെത്തി. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് 100 ടൺ സവാള നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ വഴി വിപണിയിലെത്തിക്കാനാണ് തീരുമാനം.ഭക്ഷ്യ, കൃഷി വകുപ്പുകൾ സംയുക്തമായാണ് ഈ നടപടി സ്വീകരിക്കുന്നത്. ആദ്യ ഘട്ടമായി 30 ടൺ സവാള ഉടൻ എത്തിക്കാൻ ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്, കൃഷി മന്ത്രി ടി. സിദ്ദീഖും ഇരുവകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടു യോഗത്തിലാണ് ധാരണയായത്. കിലോയ്ക്ക് 29 രൂപയ്ക്ക് സവാള വാങ്ങി കൊണ്ടുവരുന്ന ചെലവ് മാത്രം ഈടാക്കി 35 രൂപയ്ക്കാവും ഇത് നൽകുന്നത്. ഹോർട്ടികോർപ്പിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഔട്ട്ലെറ്റുകൾ വഴിയാകും സവാള വിതരണം ചെയ്യുക. കൂടാതെ വാഴക്കുളത്തെ പാക്കിങ് ഹൗസും കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയും സവാള സംഭരിക്കും. ഏപ്രിൽ, മേയ് മാസങ്ങളിൽ കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന സവാളയുടെ വിലയാണ് നിലവിൽ ഇരട്ടിയായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ ഉൽപാദന കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ചാല മാർക്കറ്റിൽ ഇന്ന് സവാള കിലോ മൊത്തവില 58 രൂപയും ചില്ലറ വില 65 രൂപയുമാണ്.

