മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു. ബുധനാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിൽ കളിവിളക്ക് തെളിയിച്ച് അവതരണം തുടങ്ങി. ആദ്യത്തെ വഴിപാടുകളിയായ ‘അവതാരം’ 364 പേർ ശീട്ടാക്കി.വ്യാഴാഴ്ച ‘സ്വയംവരം’ കഥ അരങ്ങേറും. 581 പേരാണ് വഴിപാടായി ശീട്ടാക്കിയത്. അഷ്ടമിരോഹിണി ദിവസം രാത്രി 10ന് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേക കൃഷ്ണനാട്ടം കളി നടക്കും. രാത്രി 12ന് കൃഷ്ണാവതാരവും വിശ്വരൂപദർശനവും അവതരിപ്പിക്കും.കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കളിയോഗം ആശാൻ രമേശൻ കരുമത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് അരങ്ങിലും അണിയറയിലും കൃഷ്ണനാട്ടം ഒരുക്കുന്നത്.

