അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അധികാരത്തിന്റെ ഉന്നതപീഠങ്ങളേക്കാൾ അധ്യാപനത്തിന്റെ നന്മയിൽ വിശ്വസിച്ച മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ സ്മരണ പുതുക്കിയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സുകുമാർ അഴീക്കോട്, ഒഎൻവി കുറുപ്പ്, എംജിഎസ്. നാരായണൻ, പ്രൊഫ. എം. ലീലാവതി തുടങ്ങിയ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ചോദ്യം ചെയ്യാനും കലഹിക്കാനും തിരുത്താനുമുള്ള ആർജവം പകർന്നുനൽകിയ പ്രഗല്ഭരായ അധ്യാപകരെയും അദ്ദേഹം അനുസ്മരിച്ചു. എന്നാൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഭരണഘടനാ മൂല്യങ്ങൾ മറന്ന് വിഭജന അജണ്ടകൾ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ലെന്നും, അക്കാദമിക് സ്വയംഭരണത്തെ ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുന്നിൽ അടിയറവ് വെക്കുന്നത് വിദ്യാഭ്യാസ മേഖലയോടുള്ള അനീതിയാണെന്നും റോജി എം. ജോൺ കുറ്റപ്പെടുത്തി. ജാതിപ്പേര് വിളിച്ച് വിദ്യാർത്ഥികളെ അപമാനിക്കുന്നതുപോലെയുള്ള നെഗറ്റീവ് പ്രവണതകളും അധ്യാപനത്തിന്റെ അന്തസ്സത്ത തിരിച്ചറിയാത്തവരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിവേചനമില്ലാതെ വിദ്യാർത്ഥികളെ ചേർത്തുപിടിക്കുകയാണ് അധ്യാപകരുടെ പ്രഥമ ചുമതലയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

