മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടത്തിയ 20 മണിക്കൂർ നീണ്ട റെയ്ഡ് സമാപിച്ചു. തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ആറുമണിക്ക് ആരംഭിച്ച പരിശോധന വ്യാഴാഴ്ച പുലർച്ചെ 2:30-ഓടെയാണ് അവസാനിച്ചത്. റെയ്ഡിൽ ഓഫീസിൽ നിന്ന് നിരവധി രേഖകളും മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും 6300 അമേരിക്കൻ ഡോളറും പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് റിപ്പോർട്ട്.തെളിവുകൾ ശേഖരിച്ചതായും റെയ്ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എസ്.ഐ.ടി തലവൻ അറിയിക്കുമെന്നും എ.സി.പി വ്യക്തമാക്കി.

