സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 18 മുതല്‍ മണ്ണാര്‍ക്കാട്ട്; പഠനം പോലെ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

സ്‌കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പഠന വിഷയങ്ങൾ പോലെ പ്രാധാന്യം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.പഠനത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര വിഷയങ്ങളും. കുട്ടികളുടെ വ്യത്യസ്തമായ അഭിരുചികളെയും ശാസ്ത്രബോധത്തെയും പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു. മുപ്പതാമത് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.നവംബര്‍ 18 മുതല്‍ 21 വരെയാണ് മണ്ണാര്‍ക്കാട്ട് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നടക്കുന്നത് . കുട്ടികളുടെ ശാസ്ത്രപ്രതിഭയെ ഉണര്‍ത്താനും അവരുടെ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച വേദിയായി ഈ ശാസ്‌ത്രോത്സവത്തെ മാറ്റും. അതിനായി ശാസ്ത്രമേളയ്ക്ക് മണ്ണാർക്കാട്ട് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു .

മണ്ണാര്‍ക്കാട് ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എം.ഇ.എസ് സ്‌കൂള്‍, കല്ലടി സ്‌കൂള്‍, കെ.ടി.എം സ്‌കൂള്‍ തുടങ്ങിയവ മേളയുടെ വേദികളാകും. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐ.ടി മേള, സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവൃത്തി പരിചയമേള, വൊക്കേഷണല്‍ എക്‌സ്‌പോ, കരിയര്‍ ഫെസ്റ്റ് എന്നിവയാണ് ശാസ്‌ത്രോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന കായികമേള ഒക്ടോബര്‍ അവസാന വാരം കോഴിക്കോട് എന്‍.ഐ.ടിയിലും, സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ എറണാകുളത്തും നടക്കുമെന്നും മന്ത്രി അറിയിച്ചു.

ശാസ്‌ത്രോത്സവ നടത്തിപ്പിനായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി 18 സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകള്‍, വിവിധ ക്ലബുകളുടെയും യുവജന സംഘടനകളുടെയും പൊതുജനങ്ങളുടെയും പൂര്‍ണ്ണ പങ്കാളിത്തവും മന്ത്രി ആവശ്യപ്പെട്ടു.

മേളയുടെ നടത്തിപ്പിനായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മന്ത്രിമാരായ എന്‍ ഷംസുദ്ദീന്‍, കെ എ തുളസി എന്നിവര്‍ മുഖ്യരക്ഷാധികാരികളായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സജിത കെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ബി. സജിത് ബാബു, ജില്ലാ കലക്ടര്‍ കെ സുധീര്‍, ജില്ലാ പോലീസ് മേധാവി എ അബ്ദുള്‍ റാഷി എന്നിവര്‍ രക്ഷാധികാരികളായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അരുണ്‍ കെ. വിജയന്‍ ജനറല്‍ കോര്‍ഡിനേറ്ററുമാണ്. പൊതുവിദ്യാഭ്യാസ അഡീ. ഡയറക്ടര്‍ (അക്കാദമിക്) സി. എ സന്തോഷാണ് ജനറല്‍ കണ്‍വീനര്‍.

നെല്ലിപ്പുഴ ദാരുനജാത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന യോഗത്തിൽ മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ സജിന അധ്യക്ഷയായി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അരുണ്‍ കെ വിജയന്‍, അഡീഷണല്‍ ഡയറക്ടര്‍ അക്കാദമിക് സി എ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നീതു ശങ്കര്‍, മണ്ണാര്‍ക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ കെ ബാലകൃഷ്ണന്‍, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് ഷീന, മുന്‍ എംഎല്‍എ കളത്തില്‍ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എസ് എസ് കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ കെ മോഹനകുമാര്‍, സീമാറ്റ് ആര്‍ അരുണ്‍കുമാര്‍, മലപ്പുറം ആര്‍ ഡി ഡി ജൂഡി ലൂയിസ്, മണ്ണാര്‍ക്കാട് ഡിഇഒ വി അനിത തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വീടുവിട്ടിറങ്ങി കേരളത്തിലെത്തിയ ബംഗാളി ബാലനെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറി

വീട്ടില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളോട് പിണങ്ങി ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ 14-കാരനെ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക്...

ബംഗാളിനെ ബനാന റിപ്പബ്ലിക് ആക്കി മാറ്റുകയാണ് ബി ജെ പിയെന്ന് കെ സി വേണുഗോപാൽ

ബംഗാളിനെ ബനാന റിപ്പബ്ലിക് ആക്കി മാറ്റുകയാണ് ബി ജെ പിയെന്ന് കെ സി വേണുഗോപാൽ.നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ അറസ്റ്റ് ചെയ്ത നടപടി ദേശീയ...

അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

അളവിൽ കവിഞ്ഞ മദ്യം കൈവശം വച്ചെന്ന കേസ്: ആന്റോ അഗസ്റ്റിനെ വിശദമായി ചോദ്യം ചെയ്യാൻ എക്സൈസ്; 24മണിക്കൂർ കസ്റ്റഡിയിൽ വിട്ട് കോടതി. നാളെ ഉച്ചയ്ക്ക്...

രമേശ് ചെന്നിത്തല ജി. സുകുമാരൻ നായരെ സന്ദർശിച്ചു

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചു.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് മന്ത്രിയെത്തിയത്.ജനറൽ സെക്രട്ടറി കഴിഞ്ഞ...