ഒന്നാം മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷം നവംബർ 14-ന് മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ കത്തീഡ്രലിൽ ആഘോഷിക്കും.പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.രാവിലെ പരിശുദ്ധ പാത്രിയർക്കീസ് ബാവായെ പള്ളിയിലേക്ക് സ്വീകരിക്കും. ആഘോഷങ്ങളുടെ ഭാഗമായി സഭയുടെ ആഗോള എപ്പിസ്കോപ്പൽ സുുന്നഹദോസും സഭാ വർക്കിങ് കമ്മിറ്റിയും മാനേജിങ് കമ്മിറ്റിയും മാർത്തോമ്മൻ കത്തീഡ്രലിൽ നടക്കും.ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായും സഭയിലെ 60 മെത്രാപ്പോലീത്താമാരും 300 പ്രതിനിധികളും സുന്നഹദോസിൽ പങ്കെടുക്കും. കൊല്ലം, നിരണം, തുമ്പമൺ, കോട്ടയം ഭ്രോസനങ്ങളിൽ നിന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ഛായചിത്രം വഹിച്ചുകൊണ്ടുള്ള വിളംബര ജാഥയും കൊച്ചി ഭദ്രാസനങ്ങളിൽ നിന്നുള്ള ദീപശിഖ പ്രയാണവും 14-ന് വൈകീട്ട് 3-ന് പള്ളിത്താഴത്ത് എത്തും. ഇരു സംഘത്തെയും പള്ളിത്താഴത്തുനിന്ന് മാർത്തോമ്മൻ പള്ളിയിലേക്ക് സ്വീകരിക്കും. പള്ളിയിൽ കൊടിയേറിയ ശേഷം വിളംബര ജാഥയും ദീപശിഖ പ്രയാണവും സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക് പുറപ്പെടുമെന്ന് വികാരി ഷമ്മി ജോൺ എരമംഗലത്ത് കോറെപ്പിസ്കോപ്പ, സ്ലീബ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ എന്നിവർ അറിയിച്ചു.

