മലങ്കര ഓർത്തഡോക്സ് സഭയുടെ മാധ്യമവിഭാഗം അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങി മലങ്കര ഓർത്തഡോക്സ് സഭ. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകാനാണ് സഭയുടെ തീരുമാനം.മണർകാട് പള്ളിയിൽ യാക്കോബായ സഭാ അധ്യക്ഷൻ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് മെത്രാപ്പോലീത്തായ്ക്കെതിരായ സൈബർ ആക്രമണം രൂക്ഷമായതെന്നാണ് ഓർത്തഡോക്സ് സഭയുടെ ആരോപണം. സമൂഹമാധ്യമങ്ങളിലൂടെ മെത്രാപ്പോലീത്തായെ ലക്ഷ്യമിട്ട് നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെയാണ് നിയമനടപടിയിലേക്ക് നീങ്ങുന്നത്.സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്നതായി പറയുന്നവർ നടത്തുന്ന സൈബർ ആക്രമണങ്ങളും സമാധാനസന്ദേശത്തിന്റെ ഭാഗമാണോയെന്ന് ഓർത്തഡോക്സ് സഭ ചോദിച്ചു. സഭാതർക്കം രമ്യമായി പരിഹരിക്കണമെന്ന നിലപാട് ഉയരുന്നതിനിടയിൽ സഭയിലെ മുതിർന്ന മെത്രാപ്പോലീത്തായ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സഭ വ്യക്തമാക്കി.നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പറയുന്ന സംസ്ഥാന സർക്കാർ ഇത്തരം സംഭവങ്ങളിൽ എന്ത് നടപടി സ്വീകരിക്കുമെന്നറിയാൻ ആകാംക്ഷയുണ്ടെന്നും ഓർത്തഡോക്സ് സഭ പ്രതികരിച്ചു.പാത്രിയർക്കീസ് ബാവയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ്–യാക്കോബായ സഭകൾ തമ്മിലുള്ള അഭിപ്രായഭിന്നത തുടരുന്നതിനിടെയാണ് പുതിയ വിവാദം. സൈബർ ആക്രമണങ്ങൾക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാനാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ തീരുമാനം.

