പ്രവാസഹാസ്യം

മത്തി ബ്രാൻഡ് ഫോൺ

ജോയ് ഡാനിയേൽ

നോക്കിയ ഫോണും മത്തി ഫ്രൈയും തമ്മിലെന്ത് ബന്ധം?

പിണ്ടിയിൽ നിന്ന് കൂമ്പ് പൊട്ടി, കൂമ്പിൽ നിന്ന് വാഴക്കുല പൊട്ടി, വാഴയുടെ കൂമ്പ് ഞൊട്ടി കുല വീട്ടുകാർ വെട്ടിയ പോലെയും എന്നാൽ ലേശം ടെക്നൊളജിക്കൽ ഇമ്പാക്റ്റുമുള്ള കഹാനിയാണ് എം-ഫോൺ അഥവാ മത്തിബ്രാൻഡ് ഫോൺ.

സംഭവം നടന്നത് ദുബായിലെ മഴക്കാലത്ത്.

മരുഭൂമിയിൽ മഴയെന്നത് വാക്കുപിഴയോ നാക്കുപിഴയോ മരീചികയോ എന്ന് നെറ്റിചുളിക്കാൻ വരട്ടെ.

ക്‌ളൗഡ്‌ സീഡിംഗ് നമ്മുടെ ഗാന്ധിമുക്കുകാർക്കും ഇന്ന് തെരിയും.

പ്രകൃതിയിൽ നിന്നും പശുവിന് ഭോഗാസക്തി ഉണരുമ്പോൾ അടുത്ത് ചെല്ലുന്നവനെ കൊമ്പ് കുലുക്കിയും കാലെടുത്ത് എറിഞ്ഞും സ്വാഭാവികമായും മിണ്ടാപ്രാണി കാര്യം ധരിപ്പിക്കും.

മൂളയുള്ള അമ്മച്ചിയപ്പച്ചന്മാർക്ക് കാര്യം മനസ്സിലാകും.

അവർ പയ്യിനെ മൂരിക്കുട്ടന്മാരുടെ ഓണർമാരുടെ അടുത്ത് സെറ്റപ്പ് ചെയ്യും.

തെറ്റിദ്ധരിക്കരുത്, ഓണർമാർ പൈസ മാത്രമേ വാങ്ങു, ബാക്കിപ്പണി മൂരിക്കുള്ളത്.

സീസർക്കുള്ളത് സീസർക്കും കർത്താവിനുള്ളത് കർത്താവിനും എന്നാണല്ലോ പ്രമാണം.

നാട്ടിൽ പൊത്തുവരുത്തമുള്ള കാളക്കൂറ്റന്മാർ ഇല്ലെങ്കിൽ മൃഗാശുപത്രിഡാക്കിട്ടറിർ ശരണംഗച്ഛാമി.

അവിടെയും തെറ്റിദ്ധരിക്കരുത്, ഡോക്ടറല്ല മുട്ടനൊരു സിറിഞ്ചാണ് കാര്യം നടത്തുക. ഇങ്ങനെ നാടൻ-ബ്ലോക്ക് ബീജസീഡിങ്ങിൽ പയ്യ് പെറ്റ് തൊഴുത്തിൽ പാലാഴിമഥനം.

കുടുമ്മത്ത് കാശിന്റെ സുദിനം.

അതുപോലെ, വർഷപാതത്തിന്റെ കാര്യത്തിൽ പ്രവാസത്തിൽ ക്ലൗഡ് സീഡിംഗ് പ്രചുരപ്രചാരത്തിലാണല്ലോ.

എവിടെയെങ്കിലും മുട്ടനൊരു ക്ലൗഡ് കണ്ടാൽ പേർഷ്യക്കാർ വിടൂല്ല.

ടപ്പേന്ന് മഴബീജം സീഡ് ചെയ്ത് മരുഭൂവിൽ മഴത്തുള്ളിമഥനം പ്രാവർത്തികമാക്കും.

ഗാന്ധിമുക്കിനും പരിസരപ്രദേശങ്ങളിലും ഉള്ളവർ പ്ലാൻറ്റേഷൻ കോർപ്പറേഷൻ ആഫ് കേരളയുടെ മൂത്ത സന്താനമായ റബ്ബർ തോട്ടത്തിൽ കൊച്ചുവെളുപ്പാൻകാലത്ത് കോച്ചുവാതം പിടിച്ചപോലെ പണിക്ക് പോകുന്നതിന്റെ വേഷൻ-ടു ആണ് പ്രവാസപ്രയാസികൾക്ക്.

ജോലി തന്ന മുതലാളി മുതൽ തൊട്ടു മേലെയുള്ള ലൈൻ മാനേജരെവരെ പല്ലുകിരിച്ച് നീളൻ പള്ളൂവിളിച്ച് ബ്ലാങ്കറ്റിനുള്ള ബ്ലാങ്കായി കിടക്കുന്നവർ, ബാത്ത്റൂം പൂകുവാൻ ഉയിർത്തെഴുന്നേറ്റ് പോകുന്ന പാടും ദുരിതേം പറഞ്ഞാൽ നാട്ടിൽ റോത്ത്മാൻ സിഗരറ്റും പേർഷ്യൻ സ്പ്രേ മണവും കാറിനുമേളിലെ പെട്ടികളും കണ്ടവർക്ക് മനസിലാകുകേല.

എന്നാൽ ജോലിക്കായി വിസിറ്റ് വിസയിൽ വരുന്ന അറിയാത്ത പുള്ളകൾ ചൊറിഞ്ഞറിയുന്നുണ്ട് എന്നതാണ് ഇച്ചിരി ആശ്വാസം.

ഇപ്രകാരം കുളിച്ച് കുട്ടപ്പനായി ചാണകത്തിൽ ചവിട്ടിയ ഷേപ്പിൽ ചന്ദനക്കുറിയിട്ട് അഴകിയരാവണമോടിയിൽ ദുബായിലെ സോണാപ്പൂർ ക്യാമ്പിന് വെളിയിൽ സ്ഥാപനത്തിൻറെ ആഗമനശകടം കാത്തുനിൽക്കുമ്പാണ് സ്വാമി അണ്ണന് തിരുനെൽവേലി നിന്നും മുള്ളുവേലി കണക്കേ പൊണ്ടാട്ടിയുടെ വിളിയെത്തിയത്.

ക്ലൗഡ് സീഡിംഗ് സന്തതിയായ രാത്രിമഴ ചുമ്മാതെ കാഞ്ഞും കരഞ്ഞും കണ്ണീർ പൊഴിച്ചും കടന്നുപോയതിന്റെ അവശിഷ്ടങ്ങളിൽ, തേച്ചുമിനുക്കിയ ഷൂ നിപതിക്കാതെ ഏകാഗ്രപാദനായി മരുവുമ്പോൾ, തലേന്നത്തെ ജിഹ്വാ ചൊറിച്ചിലിന്റെ ബാക്കി കൊണ്ടാട്ടം തരാനാണോ ഈ പാളിവിളി എന്നൊരു ചിന്താകാപ്സ്യൂൾ വിഴുങ്ങി ഫോണെടുത്ത് കർണ്ണപുടങ്ങൾക്ക് ചാരെ വച്ചതും പഞ്ചമാ പതാകാ, വീണിതല്ലോ കിടക്കുന്നു ധരണിയിൽ നോക്കിയ 3310 ശിവ ശിവ!

വീണതോ മുജ്ജന്മപാപക്രിയയുടെ ബാക്കിപത്രമെന്നോണം റോഡിലെ ചെളിവെള്ളത്തിലും.

“ശാർ! ഫോൺ വെള്ളത്തിൽ പോയാച്ച്!” അടുത്തുനിന്ന സഹപ്രവർത്തകനോട് ആധിയും വ്യാധിയും പിടിച്ചവനെപ്പോലെ തമിഴും മലയാളവും കൂട്ടുപിടിച്ച് സ്വാമി കേണു.

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നറിയാവുന്ന കൂട്ടുകാരൻ ഉടനെ “ഹായ്.. എന്തൂട്ടാ ത്?, വെള്ളത്തീന് ഫോണെടുക്ക്” അതുകേട്ട് പ്രജ്ഞ തിരികെയെത്തിയ രാമസ്വാമി വരാലിനെ തോട്ടിൽ തപ്പിപിടിക്കുന്ന മെയ്‌വഴക്കത്തോടെ ഫോൺ തപ്പി മറുമൊഴി ഏകി, “കിട്ടിയാച്ച്”

“എന്റിഷ്ടാ, വേഗം ഓഫാക്ക്. അല്ലേൽ അന്ത ഫോൺ ഉള്ളെ വെള്ളംകേറി നാശകോശമാകിടുമേ”.

ഭീതിയുടെ നടുവൃത്തധ്വനി കേട്ടപ്പോൾ ഫോൺ ഓഫ് ചെയ്ത് സാമിയണ്ണൻ ക്രിക്കറ്റിൽ ഫാസ്‌റ്റ് ബൗളർ ബോളുരയ്ക്കുന്നപോലെ ഫോൺ ഷർട്ടിലുരച്ച് വൃത്തിയാക്കൽ കർമ്മത്തിൽ കുണ്ഠിതഗുണ്ടനായി.

“അണ്ണാ, ഇനി വെള്ളമെല്ലാം ഉണങ്ങിയ ശേഷമേ യൂസ് പണ്ണാവൂ. ഓഫീസിൽ ചെന്ന് ഫോൺ ഓപ്പൺ പണ്ണി വൃത്തിയാക്ക്”.

സുഹൃത്ത് അറിയാവുന്ന തമിഴ് പേശി മുല്ലപ്പെരിയാറ്റിൽ ഒലിച്ചുപോയ കേരള-തമിഴ്‌നാട് ബന്ധം മെച്ചപ്പെടുത്തുമ്പോൾ, നസ്വാർ പ്രിയനായ പഠാനോടിക്കുന്ന കമ്പനി വണ്ടി വില്ലന്റെ മുന്നിൽ വിരുതനെന്നവണ്ണം വന്നുനിന്നു.

ആട്ടിൻകാട്ടം രൂപത്തിലുള്ള മേഡ് ഇൻ പാകിസ്ഥാൻ നസ്വാർ ഇടയ്ക്കിടെ അണ്ണാക്കിൽ തിരുകുന്നതാണ്

പഷ്ത്തൂവാലയുടെ ഉഷാറിന്റെ തുഷാർ. കർണ്ണന് കവചകുണ്ഡലങ്ങൾ പോലെയും, ഭീമസേനന് കഴപോലത്തെ ഗദപോലെയും പാഞ്ചാലിയുടെ അഴിച്ചിട്ട കേശഭാരം പോലെയും ഒഴിവാക്കാനാകാത്തതും എന്നാൽ അപകടം ഗോപ്യമായിരിക്കുന്നതുമാണ് ഖൈബർ പഷ്ത്തൂൺ മേഖലയിലെ നസ്വാർ സുഗന്ധം.

നമുക്ക് ആഹാരം വസ്ത്രം പാർപ്പിടം എന്നപോലെ, പഷ്ത്തൂ-കുർത്ത-നസ്വാർ, ഇതത്രെ മൂന്ന് പഠാൻ സത്യങ്ങൾ.

വണ്ടിക്കകത്തേക്ക് രണ്ടുപേരും കയറി.

സാമിമുഖം ഖിന്നഭിന്നമായിരുന്നു.

അന്തിക്ക് പൊണ്ടാട്ടിയുമായി അടിയുണ്ടാക്കാൻ എന്തുചെയ്യും എന്നതായിരുന്നു ചിന്തയിൽ ഇത്തിക്കണ്ണി പാകിയത്.

നികുതിയില്ലാതെ നാടൻതെറി ഇമ്പോർട്ട് എക്സ്പോർട്ട് ചെയ്യാനുമുള്ള ഉപകരണമാണ് ജലക്രീഡയാൽ കനവിൽ നനവെള്ളം കോരിയൊഴിച്ച് പോക്കറ്റിലിരിക്കുന്നത്.

പിടുക്കുടഞ്ഞ ശുനകനെപ്പോലെ നിശബ്ദനിലവിളിയുടെ നിലകൾ കേറിയ പ്രഭാതയാത്ര.

വണ്ടി അടുത്ത സ്റ്റോപ്പിൽ നിർത്തി QAQC എൻജിനീയർ നജീബ് കയറി.

ഗൾഫുനാടുകളിൽ ക്യൂ.എ.ക്യൂ.സി എന്ന ഞൊങ്ങിയപദത്തിനുള്ള ഫുൾഫോം ‘കുച്ച് ആത്താ നഹി, കുച്ച് കർത്താ നഹി’ എന്നതിനെ തിരുത്തിക്കുറിക്കാൻ കളരിയിൽ ഇറങ്ങിയ സേനാനിയെന്ന് സ്വയം പുകഴ്ത്തുന്നവൻ.

വേണ്ടവർക്കെല്ലാം ഉപദേശം പൂജിച്ച പുഷ്‌പമായ് ഏകുവാനും നിന്നെപ്പോലെ നിൻറെ അയൽക്കാരനെയും ഒത്തുകിട്ടിയാൽ അയൽക്കാരിയേയും സഹായിക്കാനും മനസുമുള്ള മനിതൻ.

ആകെയുള്ള കുഴപ്പം പലകാര്യങ്ങളിലും അപ്‌ഡേറ്റ് ഇച്ചിരി പിന്നിലാണെന്നതാണ്.

‘ഇന്ത്യൻ പ്രധാനമന്ത്രി ആരാ’ എന്നുചോദിച്ചാൽ കൺഫേം ചെയ്യാൻ ഭാര്യയെ ഒന്ന് വിളിക്കുമെന്ന് മാത്രം.

ഈയുള്ളവനെപ്പോലെ പല വീരശൂരപരാക്രമികളുടെയും അവസാന വാക്ക് അടുക്കളയിൽ ജന്മമെടുക്കുന്നു.

തമിഴ്‌നാട്ടിൽ പഠിച്ച കാലത്ത് ഐ.ടി.ഐ, പോളിടെക്നിക് എന്നിവിടങ്ങളിൽ ഫിൻലാൻഡ് മേക്ക് നോക്കിയ ഫോണിൻറെ ടെക്‌നോളജി കറിക്കലം എന്ന കറിക്കുലത്തിൽ ഇല്ലാതിരുന്നതിനാൽ അറിവില്ലായ്‌മയാകുന്ന പോരായ്മയിൽ വിനയവിലാസദാസനായി സാമിയണ്ണൻ നജീബ് കയറിയപാടെ മൊബൈലിന് വന്നുഭവിച്ച ദുരവസ്ഥ അറിയിച്ചു.

‘ക്വളിറ്റിഫസ്റ്റ്’ ആപ്തവാക്യമാക്കിയ നജീബ് കർമ്മമേഖലയിലെ പരിജ്ഞാനം അനുഭവേദ്യമാക്കാൻ അണ്ണനോട് പാർത്ഥസാരഥിയെപ്പോലെ ഉപദേശിച്ചു.

കളത്തിൽ ഇറങ്ങി കളിക്കാനാണല്ലോ പാട്.

അതറിയാവുന്ന കൃഷ്‌ണ ഭഗവാൻ ന്യുട്രലിൽ ഗാന്ധിമുക്കിനെ പൊടിയച്ചൻറെ കാളവണ്ടി പോലെ രഥത്തിന്റെ വള്ളിയേപ്പിടിച്ച് ഗീതയോതി പാർത്ഥന്റെ ഊപ്പാടിളക്കി.

അത്തരത്തിൽ നജീബ് അരുളിച്ചെയ്തു.

“സ്വാമി, ഫോൺ ഓഫ് ചെയ്ത് വച്ചത് നന്നായി. അല്ലേൽ അകത്ത് വെള്ളംകേറി സിംകാർഡും, ചിപ്പും കോപ്പുമെല്ലാം ഗോവിന്ദയായേനെ. എന്നാലും സൂക്ഷിക്കണം, അകത്ത് ഇനിയും വെള്ളമുണ്ടാകും. അത് ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധം എങ്ങിനെ കളയാമെന്ന് പേശീത്തരാം “

ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്നാണാല്ലോ വെപ്പ്.

നജീബിന്റെ കയ്യിലുള്ള ആകാശവാണസാങ്കേതികവിദ്യ വേഗം കൈക്കുടന്നയിലാക്കാൻ സാമിയണ്ണന് കരചരണങ്ങൾ തരിച്ചു.

ഇല്ലാത്ത സ്നേഹസഞ്ചയം നടത്തി ഇതിയാൻ മുജീബിന്റെ അടുത്തേക്ക് ‘പൃഷ്ഠം പൃഷ്ഠസ്യബുദ്ധി’ എന്നവണ്ണം ചേർന്നിരുന്നു. “കൊഞ്ചം ശീക്രം സൊല്ലുശാർ ..”

“അണ്ണാ, ഇന്ത വണ്ടിയിൽ പബ്ലിക്കായി സീക്രട്ട് സൊല്ലക്കൂടാത്. ആപ്പീഷിൽ എത്തിയശേഷം പാപ്പാം” തനിക്കറിയാവുന്ന ചിലപ്പതികാര ഭാഷാസൗകുമാര്യത്താൽ നജീബ് കാര്യം ധരിപ്പിച്ചു.

“ഒകെ ശാർ, നാൻ അപ്പീസ്സീ എത്തിയശേഷം വരാം” തെരിയുന്ന ശ്രീകണ്ഠേശ്വരം മലയാളത്തിൽ അണ്ണനും മലയാളഭാഷതൻ ആലിപ്പഴവൃഷ്ടി നടത്തി.

സ്റ്റാഫിനെയെല്ലാം പലയിടത്തുനിന്നായി പെറുക്കിയെടുത്ത് വണ്ടി സൈറ്റ് ഓഫീസിന്റെ മുന്നിൽ ബ്രേക്കിട്ടു.

ആൾകാർ ഇറങ്ങവേ, പഠാൻ അടുത്ത ആട്ടിൻകാട്ടം നാറാണത്തുഭ്രാന്തൻ കല്ലുരുട്ടിക്കയറ്റുമ്പോലെ വായിലേക്ക് ഉരുട്ടിക്കയറ്റി.

ഗാന്ധിജി ആട്ടിൻപാൽ കുടിച്ചു, ഗാന്ധിയെ വിട്ടുപോയ പഠാൻമാർ ആട്ടിൻകാട്ടം കണക്കെ തമ്പാക്ക് വച്ചു.

ഓഫീസിലേക്ക് നടക്കുമ്പോൾ സാമി റിമൈൻഡർ മുഴക്കി.

“ശാർ, അന്ത ഐഡിയ..?” ഒന്ന് ഞെളിഞ്ഞ് നിന്ന് മറുവാക്ക് നജീബേകി. “സാമീ, കിടന്നു കൂവാതെ, ചായ സാപ്പിട്ട് വാ. അപ്പോൾ നാൻ ഐഡിയ സൊല്ലിത്തരാം”

ശീഖ്രമേകുന്ന ഐഡിയാകൾ വ്യാഘ്രമാകും എന്നാണല്ലോ ഭാരതഭാവശുദ്ധി.

ചായ കുടിച്ചശേഷം അണ്ണൻ ഒതുക്കത്തിൽ നജീബിന്റെ ക്യാബിനിലേക്ക് നൂണ്ടുകയറി.

ജാരനും ചാരനും കള്ളനെപ്പോലെ പതുങ്ങിയേ വരൂ; രാമസ്വാമിയും. രണ്ടുപേരും തമ്മിൽ പിന്നീട് നടന്നത് തലമുറതലമുറ കൈമാറി രഹസ്യ മന്ത്രവിധികൾ പകർന്നുകൊടുക്കും പോലെയൊരു ചടങ്ങ്.

ആരോരുമറിയാതെ തന്ത്രം മനസ്സിലാക്കിയ സാമി ഐഡിയ തന്ന ആശാനെ നോക്കി മനസ്സിൽ ഉരുവിട്ടു.

‘എൻ രക്തത്തിൻ രക്തമാന നോക്കിയാ ഫോൺ, നിന്നെ രക്ഷിപ്പാൻ വന്ന കടവുൾ താൻ നജീബ് ശാർ”.

പുളകം പുലിത്തോൽ വിരിച്ചപോലെ ചില നിമിഷങ്ങൾ.

കുഴപ്പമില്ലാത്ത നന്ദിവാക്കുമേകി സാമി നേരെചെന്നു നിന്നത് പാൻട്രിയിൽ. തിയറിയിൽ നിന്നും പ്രാക്ടിക്കലിലേക്ക് അത്രദൂരം.

ഓഫീസിൽ രാവിലത്തെ ടിൻ മിൽക്കിന്റെ റബ്ബർപാൽ ചായയടി കഴിഞ്ഞ് ഓഫീസ് ബോയ്‌ ഏകാംഗനാടക വേദിയായ പാൻട്രിയിൽ കപ്പുകൾ കഴുകി അടുക്കുന്നു.

ലോകത്തേക്കും ഏറ്റവും വലിയ കട്ടിപ്പണിയാണ് താൻ ചെയ്യുന്നതെന്ന ചിന്തയിലാണ് കരചരണങ്ങൾ ഇളകിയാടുന്നത്.

നടപ്പുകണ്ടാൽ ആദിയിൽ അടിമുടി ദൈവം ശപിച്ചത് ഇദ്ദേഹത്തെയാണെന്ന് സംശയം തോന്നിയേക്കാം.

നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം കഴിക്കുന്ന ശാപഗ്രസ്ഥമാനസൻ.

രാമസ്വാമിയണ്ണൻ സൂത്രത്തിൽ ഓവന്റെ അടുത്തെത്തി.

കാകദൃഷ്ടിയിൽ ചുറ്റുപാടും നോക്കിയിട്ട് വലത്‌കൈ ഓവനിലേക്ക് നീണ്ടു.

ഓവനിലേക്ക് എന്തോ തള്ളിക്കയറ്റുന്നത് അർദ്ധദൃഷ്ടിയിൽ കണ്ട ഓഫീസ് ബോയിയോട് ‘എവരിതിങ്ങ് ആൾറൈറ്റ്’ മട്ടിൽ അണ്ണൻ ഇടംകണ്ണിൻ തടം തുടിപ്പിച്ച് കണ്ണിറുക്കി ഓവൻ ഓണാക്കി.

മുന്നിൽ പ്രേതത്തെ കണ്ടപോലെ സ്വാമിയണ്ണനെ അഭിമുഖീകരിച്ച് ഓവൻറെ സ്വിച്ച് ആന്റിക്ളോക്ക് ഭാവത്തിൽ തിരിഞ്ഞു കറങ്ങി.

ഏകദേശം രണ്ട് മിനിറ്റ് ആയിട്ടുണ്ടാകും.

തൽക്ഷണം ദോശ ചുടുമ്പോൾ ഉണ്ടാകുന്ന “ശ്..ശീ ” സീൽക്കാരം ബഹിർഗമിക്കുകയും അടിയ്‌ക്കൊപ്പം നെഞ്ചത്ത്ച്ചു ചവിട്ടും എന്നവണ്ണം ചുടുകാടിന് സമം അപശകുനമാപിനിയായി ഗന്ധം ഉയരുകയും ചെയ്‌തു.

തന്നുടെ അധികാരസീമയിൽ അശ്രീകരമായി തോട്ടണ്ടി ചുട്ടമണം നിറഞ്ഞ് പ്രകൃതിമലിനീകരണം പടരുന്നത് അറിഞ്ഞ ഓഫീസ്ബോയി ചഷുശ്രവണഗളസ്ഥമാം ദർദ്ദുരത്തെപ്പോലെ ചകിതനാദമുയർത്തി കർമ്മനിരതനായി.

കാറ്റഴിച്ചുവിട്ട സൈക്കിൾ ട്യൂബുപോലെ ചേതനയറ്റ സ്വാമിയണ്ണനെ പല്ലിളിച്ച് പള്ളുവിളിച്ച് അരുതാത്ത ദർശനമേറ്റ ദുർവ്വാസാവിനെപ്പോലെ ബോയ് തുള്ളിയിളകി.

“അണ്ണാ.. നിങ്ങൾ എന്നാ പോഴത്തരമാ ചെയ്തേ? ഇതിപ്പോ എന്തോ കുന്തമാ ഓവനകത്ത് തള്ളിക്കേറ്റിയെ, ഈശ്വരാ!??”

അവൻ ക്ഷിപ്രം ഓടിച്ചെന്ന് ഓവൻ ഓഫ് ചെയ്ത് ശ്രീകോവിൽ തുറന്നു.

പ്രതിഷ്‌ഠ കണക്കെ ഉള്ളിലെ ദർശനഭാഗ്യത്താൽ കണ്ണുതള്ളി.

ആത്മാവിന് പോലും ശാന്തികിട്ടാത്തമാതിരി സാമിയണ്ണന്റെ നോക്കിയാ ത്രീ ത്രീ വൺ സീറോ മോഡൽ ഫോൺ കത്തിയമരുന്ന അന്ത്യദർശനം!.

തുറന്ന ഓവനിൽ നിന്നും പെട്രോകെമിക്കൽ കമ്പനിയെ അനുസ്മരിപ്പിക്കുന്ന കരിയും പുകയും ചുടലഗന്ധവും ഓഫീസ് ആകമാനം ഹാലിളകിയ പോൽ അലയിളക്കി.

കരിഞ്ഞ മത്തി പോലെ സാധനം കണ്ട ചെറുക്കൻ അണ്ണനോട് സംശയദുരീകരണം നടത്തി “ഇതെന്തുവാ അണ്ണാ… ?” അകവും പുറവും എല്ലാം കരിഞ്ഞുപറിഞ്ഞിരിക്കുന്ന മൊതല് കണ്ട് ‘പളനിയാണ്ടവാ കാപ്പാത്തുങ്കോ’ മട്ടിൽ മൊബൈൽ മുതലാളി പ്രൈവറ്റ് പാർട്ട് നഷ്ടമായ അണ്ണാറക്കണ്ണനെപ്പോലെ ഞരങ്ങി.

“എൻറെ പൊന്നണ്ണാ.. നിങ്ങളിത് എന്തുവാ കാണിച്ചേ? മൊബൈൽ കൊണ്ട് ഓവനിൽ?? എൻറെ തള്ളേ ഈ കുന്തം പൊട്ടിത്തെറിച്ച് അണ്ഡകടാഹം അടിച്ചുപോകാഞ്ഞത് ആരുടെയോ ഭാഗ്യം”.

ഭാഷാകമ്പോളത്തിൽ നിലവാരം തകർന്ന പള്ളുവിളിയാൽ ആപ്പീസ് മുഖരിതമായി. നിറയുന്ന പുകയും പറയുന്ന തെറിയും അടങ്ങുവാൻ സമയമെടുക്കുമല്ലോ.

സ്ഥലജലവിഭ്രാന്തി ബാധിച്ചപോലെ അണ്ണൻ ചൂട് ആറാത്ത കരിഞ്ഞ മത്തിമോഡൽ ഫോൺ ടിഷ്യു പേപ്പറിൽ ശവക്കച്ചചുറ്റി, ഒരുമാതിരി മറ്റേടത്തെ ഐഡിയ പറഞ്ഞുതന്ന QAQC ഭടൻറെ ക്യാബിനിലേക്ക് ചുവടുകൾ വച്ചു.

വെടികൊണ്ട വരാഹം കണക്കെയോ നഞ്ച് വിഴുങ്ങിയ വട്ടാനെപ്പോലെയോ നെഞ്ചിടിക്കുന്നുണ്ടായിരുന്നു.

“ചാർ, നിങ്കൾ എന്ത് പണിയാണ് പറഞ്ചു തന്നത്..?! നോക്ക്..!” കരിപുരണ്ട ജീവിതം താലത്തിൽ ഉപഹാരം കണക്കെ നീട്ടി സ്വാമി അരുളിയത് ഒറ്റനോട്ടത്തിൽ കണ്ട് കാര്യം വശപ്പെശകാണെന്ന് നജീബിന് ബോധ്യമായി.

കമ്പ്യൂട്ടറിൽ നിന്നും കണ്ണെടുത്ത്, പണിയിൽ പഴങ്കഞ്ഞികുടിച്ചുവരുന്ന അണ്ണനെ ആപാദചൂഡം വീക്ഷിച്ചു.

എന്നിട്ട് അന്ധൻ ആനയുടെ പൃഷ്ഠം കണ്ടപോലൊരു ചോദ്യം.

“എന്നാച്ച് ? എന്നാ സാമി..?”

“ശാർ, അന്ത ഐഡിയ ഫുള്ളാ ഫ്ലോപ്പായാച്ച്. നാൻ ഓവനിൽ വച്ച് സൂടാക്കി.

അപ്പറം മൊബൈൽ അപ്പടിയേ കരിഞ്ഞുപോയാച്ച്. കടവുളേ..”.

ദീനരോദനത്തിൻറെ ഏങ്ങലും വിങ്ങലും ഉയർന്നുപൊങ്ങി കയ്യിലിരുന്ന കരിക്കണ്ടം നജീബിനെ കാണിച്ച് കെട്ടിയവൻ വിട്ടുപോയ പൊണ്ടാട്ടിയെപ്പോലെ സ്വാമി കേണു.

“അള്ളാ!” നാലുപാടും നോക്കി നജീബ് നെഞ്ചത്ത് കൈവച്ച് അത്ഭുതത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഐഡിയ പറഞ്ഞുകൊടുത്തപ്പോൾ വല്യ തട്ടുകേടില്ലായിരുന്നു.

പ്രാവർത്തികമായപ്പോൾ പാളിച്ചാസ് സംഭവിച്ചു.

ആകാശത്തേക്ക് വിട്ട സ്‌കൈലാർക്ക് പോലെ കരിഞ്ഞ മത്തി താലപ്പൊലിയായി പിടിച്ച് അണ്ണൻ മുന്നിൽ വിതുമ്പുന്നു.

വാക്കുകളുടെ വംശാവലിയായ ശബ്ദതാരാവലിയിൽ പോലും കുരുങ്ങാത്ത വാക്കുകളാൽ സങ്കടക്കടൽ തീർക്കുന്ന സാമിയെ വിളിച്ച് നജീബ് പുറത്തേക്കിറങ്ങി.

ആശ്വാസത്തിൻ വചനപ്രഭ ഉതിർത്തു. “സാമി… ഐഡിയ ഫ്ലോപ്പ് ആയതല്ല. ഓവനിൽ അണ്ണൻ സൂടക്കിയതിൽ എങ്കെയോ പാളിച്ച പറ്റി”

“എങ്കെ? പാളിച്ച എപ്പടി?”. അവിശ്വാസിയായ തോമാസ്ലീഹായെപ്പോലെ വാക്കിൽ സ്വാമി വിക്കി. നജീബ് തുടർന്നു.

“നിജമാ… അന്ത ഓവന് എന്തോ പ്രച്ചനം ഉണ്ട്. കഴിഞ്ഞ ദിവസം ഞാൻ ചോറ് സൂടാക്കിയപ്പോൾ ഓവർ ഹീറ്റയാച്ച്…” ഒന്ന് നിർത്തി മുജീബ് തുടർന്നു.

“അല്ല സാമി, നിങ്ങൾ കൺട്രോൾ ചെയ്തതല്ലേ ഓവനിൽ ചൂടാക്കിയത്?”

“ആമാ ശാർ. നാൻ ഫുൾ കൺട്രോളിൽ തന്നെയാ ഓവനിൽ വച്ചത്. ഇതിപ്പോ ഫോണും സിമ്മും കോണ്ടാക്റ്റും എല്ലാമേ പോയാച്ച്”.

പടകുടീരം കത്തി തനയൻമാരെ നഷ്ടമായ ദ്രൗപതിയെപ്പോലെ സ്വാമി മോങ്ങി.

കരിഞ്ഞ ഫോണിലും സാമിയേയും മാറിമാറി അണ്ടിയോ മാങ്ങയോ ഏതാണ് മൂത്തത് മട്ടിൽ ദയനീയമായി നോക്കി നജീബ് ആശ്വസിപ്പിച്ചു.

“സാമി, നിജമാ ഓവൻ വർക്ക് ചെയ്തതിൽ എന്തോ ഫോൾട്ട് പറ്റിയതാ. വന്നത് വന്നു. അനാൽ ഇത് പോയി ആരോടും പറയണ്ട. പറഞ്ഞാൽ സ്വാമിയുടെ പേര് മോസമായിടും. ചിലപ്പോ കമ്പനി വാണിംഗ് ലെറ്ററും തന്നിടും”

നജീബ് നൈസായിട്ട് സമ്പൂർണ്ണ ഉത്തരവാദിത്വം സാമിയുടെ തോളിൽ കയറ്റിവച്ചുകൊടുക്കുകയും കീഴിൽക്കൂടി വാണിംഗ് ലെറ്റർ എന്ന പാശുപതാസ്ത്രം പ്രയോഗിക്കുകയും ചെയ്തതിനാൽ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചപോലെ സ്വാമി നിന്നു.

‘നിൻറെ മൊബൈൽ, നിൻറെ സിം. ഞാൻ അടുത്ത പഞ്ചായത്തുകാരൻ’ മട്ടിൽ ഫോണും പിടിച്ച് ‘ഹലോ.. ഹലോ’ പറഞ്ഞുംകൊണ്ട് നജീബ് ഒറ്റ നടത്തം.

ചോദ്യങ്ങളിൽ നിന്നും രക്ഷപെടാൻ ക്രെഡിറ്റ്കാർഡ്, ലോൺ ഇത്യാദി കൂശ്മാണ്ടങ്ങളുടെ വിളികളാണെങ്കിലും കച്ചിത്തുരുമ്പാക്കാം.

പല്ലി മുറിച്ചിട്ട വാലുകണക്കെ ഐഡിയ ഉപേക്ഷിച്ചുപോയ നജീബിനെനോക്കി നെഞ്ചത്ത് കൈവച്ച് സാമിയണ്ണൻ ‘യൂ ടൂ ബ്രൂട്ടസ്’ എന്നോ മറ്റോ ഒറ്റിന്റെ ഭാവത്തിൽ നിന്നു.

പിന്നീട് സംഭവിച്ചത് എന്താണെന്ന് കൃത്യമായി അറിയില്ല.

സാമിക്ക് പൊണ്ടാട്ടിയുടെ കയ്യിൽ നിന്നും ഭേദപ്പെട്ട തമിഴ് സരസ്വതി കടാക്ഷം ലഭിച്ചെന്നും നജീബിൻറെ ഓവൻ ടെക്‌നോളജി അടുത്ത എംപോളോയ് ഓഫ് ദ ഇയർ അവാർഡിന് പോയി എന്നും കഥയമമ കഥയമമ കഥകൾ അതിസാഗരം.

എന്തായാലം ഇരുമ്പ് കോടാലി പോയി സ്വർണ്ണക്കോടാലി ലഭിച്ച മരംവെട്ടുകാരനെപ്പോലെ കരിഞ്ഞ് മത്തിഫ്രൈ പരുവമായ ഫോണിൻറെ സ്ഥാനത്ത്, സാലറി വീണപ്പോൾ വിരൽ തൊട്ട് തേമ്പുന്ന സ്‍മാർട്ട് ഫോൺ ആഗതമായി.

ഒന്ന് കരിഞ്ഞ് മറ്റൊന്ന് വിരിഞ്ഞു. അതിൽ സ്‌കൈപ്പും, വാട്‍സ്ആപ്പും തുടങ്ങി നൂതനസാങ്കേതിക വിദ്യകൾ ഇറക്കി പൊണ്ടാട്ടിയെ സ്‌ക്രീനിൽ കണ്ടും, ഹെഡ്‌ഫോണിൽ നാടൻ സരസ്വതി വിളയാടൽ ഇമ്പോർട്ടും എക്സ്പോർട്ടും നടത്തിയും രാമസ്വാമി അണ്ണാന്റെ പ്രവാസപ്രയാസം ‘മേരാ ജീവൻ കോരാ കാഗസ്’ മട്ടിൽ ഇനിയും കഥകളെഴുതാൻ ബാക്കിയിട്ട് തുടരുന്നു.

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് വൈകീട്ട് അരങ്ങേറി. പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ...

അക്ഷര മ്യൂസിയം കാരൂരിൻ്റെ അർധകായ പ്രതിമ ഇന്ന് ഏറ്റുവാങ്ങും

കോട്ടയം നാട്ടകത്ത് സ്ഥാപിക്കുന്ന ഭാഷ' -സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠ പിള്ളയുടെ അർധകായ പ്രതിമ ഇന്നെത്തും. രാവിലെ 9.30-ന് ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണൻ്റെ അങ്കമാലിയിലെ സ്റ്റുഡിയോയിൽനിന്ന് അലങ്കരിച്ച വാഹനത്തിലാണ് ശില്പം കോട്ടയത്ത്...