പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി പിടിയിൽ.
കര്‍ണാടക രംഗപേട്ട് സ്വദേശിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ അറസ്റ്റ് ചെയ്ത വിവരം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇയാള്‍ ഹൈദരാബാദിലെ കൂലിപ്പണിക്കാരനാണെന്നാണ് വിവരം.
അതേസമയം, അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് സൂപ്രണ്ട് ജി. സംഗീത മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയുമാണ് മുഹമ്മദ് റസൂല്‍ വധഭീഷണി മുഴക്കിയത്.
ഇയാള്‍ ഭീഷണി മുഴക്കുന്ന വീഡിയോദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പ്രചരിച്ചതോടെ ശ്രീരാമസേന ജില്ലാ പ്രസിഡന്റ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു.
ഇതിനുപിന്നാലെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.
മോദി നല്ലഭരണം കാഴ്ചവെയ്ക്കുന്നില്ലെന്നും ചായ വിറ്റുനടന്നയാളാണെന്നുമാണ് പ്രതി വീഡിയോയില്‍ ആദ്യം പറഞ്ഞിരുന്നത്.
ബി.ജെ.പി.യില്‍നിന്ന് പുറത്തുവരികയാണെങ്കില്‍ മോദിയെ നേരിടാന്‍ താന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്നുമായിരുന്നു ഇയാളുടെ വാക്കുകള്‍.
കോണ്‍ഗ്രസ് സിന്ദാബാദ് എന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
ഇതിനുപുറമേ പ്രധാനമന്ത്രിക്കെതിരേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരേയും അശ്ലീലപദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു.