കവിത/സുനിത ഗണേഷ്
ആകാശത്തു കൂടെ
പറക്കുമ്പോഴാണ്
കൈ രണ്ടും നീർത്തി
ആണിയിലേറിയ ഭൂപടത്തിന്റെ
തുണ്ട് താഴെ കണ്ടത്…..
ഇതാണ് മോളെ
ഇന്ത്യയെന്ന്
‘അമ്മ….
ദൂരദർശിനിയിലൂടെ
ആ രൂപത്തെ
ഞാൻ വീണ്ടും വീണ്ടും
നോക്കി….
മഞ്ഞു മലയിൽ
ചോരമഴ….
നഖമാഴത്തിൽ തറഞ്ഞു
ഒരു പെൺകുഞ്ഞിന്റെ ജഡം…
കോമ്പല്ലിൽ നിന്നും
രക്തമിറ്റി
വാ പൊളിച്ചു കഴുകന്മാർ…..
വളർച്ചയില്ലാത്ത
ആ രൂപത്തിന്റെ
വലംകൈയിലേക്കു ഞാൻ
ഫോക്കസ് ചെയ്തു….
കരിപുരണ്ട തീവണ്ടി നിറച്ചും
കത്തിക്കരിഞ്ഞ
മനുഷ്യരുടെ മോഹങ്ങൾ
ലക്ഷ്യമില്ലാതെ
കൂകിപ്പായുന്നു…..
മധ്യഭാഗത്തെപ്പോൾ വേണമെങ്കിലും
ഭൂകമ്പത്തിൽ
ആരാധനാലയങ്ങളുടെ
ചുവരുകൾ പൊളിഞ്ഞു വീഴാമെന്നമ്മ
താഴോട്ടു നോക്കാതെ
പറഞ്ഞു…
കോടികളുടെ കസേരക്കച്ചവടത്തിൽ
നിമഗ്‌നരായിരുന്നു
അമരാവതിയിലെ
കൊഞ്ചു ഫാക്ടറികൾ….
ബംഗാളിപ്പോൾ
പഴയ
ബംഗാളല്ലെന്നു
മാഞ്ച നദീ തീരത്തിരുന്നൊരു
മുത്തശ്ശി തന്റെ
ചുവന്ന ശീല
വിരിച്ചിടുന്നു…..
പച്ചപ്പു തേടിയാണ്
കാലിലേക്ക് ലെൻസ്
തിരിച്ചത്….
വിശന്ന മനുഷ്യനെ കൊന്നു
തിന്നും ഇരുട്ടാണ്
കണ്ടത്…..
അമ്മ പറഞ്ഞു,
മോളേ ഇതാണ് ഇന്ത്യ…..
ആകാശത്തുനിന്നും
ഞാനപ്പോൾ
മലക്കം മറിഞ്ഞു വീണത്
അകത്തും പുറത്തും
കുപ്പ നിറഞ്ഞ
ഒരു തുണ്ട്
കടലാസു കഷണത്തിലേക്കായിരുന്നു….