8 വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

ഉയരമുള്ള മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂര്‍ ചാവക്കാട് സ്വദേശി 8 വയസുകാരനെ രണ്ട് മേജര്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

സാധാരണ ഇത്തരം വലിയ അപകടങ്ങള്‍ മലവും മൂത്രവും അറിയാതെ പോകുന്ന അവസ്ഥയിലേക്ക് നയിക്കാം. എന്നാല്‍ സമയബന്ധിതമായ ഇടപെടല്‍ മൂലം ഇതൊഴിവാക്കാന്‍ സാധിച്ചു.

അപകടം സംഭവിച്ച രാത്രി തന്നെ, അതിസങ്കീര്‍ണമായ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതാണ് കുട്ടിയുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരാന്‍ സഹായിച്ചത്.

കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഉയരമുള്ള മാവില്‍ നിന്നും വീണ് മലദ്വാരത്തില്‍ വലിയൊരു കമ്പ് കുത്തികയറിയ അവസ്ഥയിലാണ് കഴിഞ്ഞ നവംബര്‍ പത്താം തീയതി രാത്രിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിയത്.

കമ്പ് വലിച്ചൂരിയ നിലയില്‍ അതികഠിനമായ വയറുവേദനയും മലദ്വാരത്തിലൂടെയുള്ള രക്തസ്രാവവുമായാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മലാശയത്തിന് പരിക്ക് കണ്ടതിനാല്‍ ഉടനടി അടിയന്തര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു.

പീഡിയാട്രിക് സര്‍ജറി വിഭാഗത്തിന് കീഴില്‍ അഡ്മിറ്റ് ചെയത് ഉടനടി അതി സങ്കീര്‍ണമായ അടിയന്തര ശസ്ത്രക്രിയ ചെയ്തു. മലദ്വാരം മുതല്‍, മലാശയവും, കുടലും ചുറ്റുപാടുമുള്ള അവയവങ്ങളും പേശികളും, കമ്പ് കുത്തികയറിയതിനാല്‍ പൂര്‍ണമായും തകര്‍ന്നു പോയിരുന്നു.

മലാശയം പൊട്ടിയതിനാല്‍ വയറു മുഴുവനും, രക്തവും മലവും കൊണ്ടു നിറഞ്ഞിരുന്നു. രാത്രി പന്ത്രണ്ട് മണിക്ക് തുടങ്ങി പുലര്‍ച്ചെ 6 മണി വരെ ഏകദേശം ആറു മണിക്കൂര്‍ സമയമെടുത്താണ് പരിക്ക് പറ്റിയ കുടലും, മലാശയവും, മലദ്വാരവും മറ്റു അവയവങ്ങളും ചുറ്റുമുള്ള പേശികളും ശസ്ത്രക്രിയയിലൂടെ നേരെയാക്കിയത്.

കുടലിലേയും മലാശയത്തിന്റേയും മുറിവ് ഉണങ്ങുന്നതിനായി മുകളിലുള്ള വന്‍കുടലിന്റെ ഒരു ഭാഗം പുറത്തേക്ക് കൊണ്ടുവന്ന് വയറിന്റെ ഭിത്തിയില്‍ തുറന്നു വച്ചു (കൊളോസ്റ്റമി).

ആദ്യത്തെ ഓപ്പറേഷന് ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് മുറിവ് പൂര്‍ണമായും ഉണങ്ങിയ ശേഷം നടത്തിയ വിദഗ്ധ പരിശോധനയില്‍ ആദ്യ ശസ്ത്രക്രിയ പൂര്‍ണ വിജയമാണെന്ന് വിലയിരുത്തി.

മുറിവ് പൂര്‍ണമായും ഉണങ്ങിയ ശേഷം സാധാരണ രീതിയില്‍ മലമൂത്ര വിസര്‍ജനം സാധ്യമാക്കുന്നതിനായി മേയ് 29ന് രണ്ടാമത്തെ മേജര്‍ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും ശേഷം മലദ്വാരത്തിലൂടെ പഴയതു പോലെ തന്നെ കുട്ടിയ്ക്ക് മലമൂത്ര വിസര്‍ജനം നടത്താന്‍ സാധിക്കുന്നുണ്ട്. പരിക്ക് പൂര്‍ണമായി ഭേദമായ കുട്ടിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു.

പീഡിയാട്രിക് സര്‍ജറി വിഭാഗം പ്രൊഫസറും മേധാവിയുമായി പ്രശസ്ത ശിശു ശസ്ത്രക്രിയ വിദഗ്ദ്ധന്‍ ഡോ. നിര്‍മ്മല്‍ ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അനസ്‌തേഷ്യ സംഘവും, ജൂനിയര്‍ സര്‍ജന്‍ ഡോ. അജയുമാണ് ആദ്യ ഓപ്പറേഷനിലുണ്ടായിരുന്നത്.

ഡോ. ജൂബിയുടെ നേതൃത്വത്തിലുള്ള അനസ്‌തേഷ്യ സംഘവും, ജൂനിയര്‍ സര്‍ജന്‍ ഡോ പാപ്പച്ചനും രണ്ടാമത്തെ ഓപ്പറേഷനിലുണ്ടായിരുന്നു. ഡോ. ദീപയുടെ നേതൃത്വത്തിലുള്ള പിഡിയാട്രിക് ഐസിയു സംഘമാണ് കുട്ടിയെ പരിചരിച്ചത്.

ഓപ്പറേഷന്‍ തീയേറ്ററിലെയും, പിഡിയാട്രിക് ഐസിയുവിലെയും, പിഡിയാട്രിക് സര്‍ജറി വാര്‍ഡിലെയും, നഴ്‌സിംഗ് ഓഫീസര്‍മാരുടെ ആത്മാര്‍ത്ഥമായ പരിചരണം കൂടിയാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ സഹായിച്ചത്. പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോ. അശോകന്‍, സൂപ്രണ്ട് ഡോ. രാധിക എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

Leave a Reply

spot_img

Related articles

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ഒരു മാസത്തെ പെൻഷൻ അനുവദിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക. ഈ ആഴ്‌ചയില്‍തന്നെ തുക പെൻഷൻകാരുടെ കൈകളില്‍...

യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കം; സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി

യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്നം പറഞ്ഞ് പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറുന്ന നടപടിയില്‍ നിന്ന് സർക്കാ‍ർ...

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; 13 കാരൻ ജീവനൊടുക്കി

മലപ്പുറം ചേളാരിയിൽ 13 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന്...

നവ തൊഴിൽ സാധ്യതകൾക്കനുസരിച്ച് ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും: മന്ത്രി ശിവൻകുട്ടി

പുതിയ കാലത്തെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നമ്മുടെ വിദ്യാർത്ഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ഐ ടി ഐ കളിൽ പുതിയ ട്രേഡുകൾ...