കുടുംബ ബന്ധങ്ങൾ ശിഥിലമാക്കപ്പെടുന്നത് വർദ്ധിക്കുന്നു;പി സതീദേവി

എറണാകുളം ജില്ലയിൽ കുടുംബ ബന്ധങ്ങൾ ശിഥിലമാക്കപ്പെടുന്നതും ഭർത്താവിൻ്റെ വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും യുവതികൾക്ക് എതിരെയുള്ള അതിക്രമങ്ങളും വർദ്ധിച്ചു വരുന്നതായും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ രണ്ടാം ദിനത്തിലെ കമ്മീഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.

വിവാഹ സമയത്ത് യുവതികൾക്ക് നൽകുന്ന ആഭരണവും പണവും ഭർത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. വൈവാഹിക ബന്ധങ്ങൾ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമാണ് ഭൂരിപക്ഷം യുവതികളും കമ്മീഷന് മുന്നിലെത്തുന്നത്. എന്നാൽ ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഇവരുടെ പക്കൽ ഉണ്ടാകില്ല. ഇക്കാരണത്താൽ ആഭരണവും പണവും തിരികെ ലഭ്യമാക്കുന്നതിന് കഴിയുന്നില്ല. വിവാഹ സമയത്ത് പെൺകുട്ടിക്ക് ആഭരണങ്ങളും പണവും നൽകുകയാണെങ്കിൽ അത് നിയമപരമായ രീതിയിൽ കൃത്യമായി രേഖപ്പെടുത്തി വയ്ക്കണമെന്നും അധ്യക്ഷ നിർദ്ദേശിച്ചു.

വിവാഹബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വനിതാ കമ്മീഷൻ എറണാകുളം റീജിയണൽ ഓഫീസിൽ കൗൺസിലിങ്ങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ സിറ്റിംഗ് നടക്കുന്ന സ്ഥലങ്ങളിലും സൗകര്യമുണ്ട്.

സ്ത്രീകൾക്ക് നേരെ തൊഴിലിടങ്ങളിലും വ്യാപകമായ ചൂഷണം നടക്കുന്നു. ഇത് ഐ ടി മേഖലയിലും കൂടുതലാണ്. പലരെയും കാരണം കാണിക്കാതെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നുണ്ട്. അത്തരത്തിൽ വന്ന ഒരു പരാതിയിൽ അർഹമായ ആനുകൂല്യവും നഷ്ടപരിഹാരവും ലഭ്യമാക്കുവാൻ വനിതാ കമ്മീഷൻ്റെ ഇടപെടലിലൂടെ സാധിച്ചു.

അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ സ്ത്രീകളെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതുമായ പരാതികളും വർധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ
വാർഡ്തല ജാഗ്രത സമിതികൾ കാര്യക്ഷമമായി ഇടപെടണം എന്നാണ് വനിതാ കമ്മീഷൻ നിലപാട്. ഈ ജാഗ്രത സമിതികൾക്ക് സ്റ്റാറ്റുട്ടറി പദവി നൽകിയിട്ടുണ്ട്.

സ്ത്രീകളെ ഓൺലൈനിലൂടെ അധിക്ഷേപിക്കുന്നതായ പരാതികളു ഉണ്ട്. ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ പരാതിയുമായി സൈബർ പോലീസ് സംവിധാനത്തെ സ്ത്രീകൾ ആശ്രയിക്കുന്നത് നല്ല പ്രവണതയാണ്.

ഓഗസ്റ്റ് മാസം മുതൽ കമ്മിഷൻ വിവിധ കാമ്പയിനുകൾ ആരംഭിക്കും. പോഷ് ആക്ട് നടപ്പിലാകുന്നതുമായി ബന്ധപ്പെട്ട് ജില്ലകളിൽ സെമിനാറുകൾ സംഘടിച്ചിക്കും. വിവാഹപൂർവ കൗൺസിലിംഗ് നൽകും. കോളജുകളിൽ കലാലയ ജ്യോതി സംഘടിപ്പിക്കും. വിദ്യാഥിനികളുമായി മുഖാമുഖം പരിപാടിയും കമ്മിഷൻ സംഘടിപ്പിക്കുമെന്നും അധ്യക്ഷ പറഞ്ഞു.

വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, വനിതാ കമ്മിഷന്‍ മെമ്പര്‍മാരായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ എന്നിവര്‍ പരാതികള്‍ തീര്‍പ്പാക്കി. ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ സ്മിത ഗോപി, യമുന, അമ്പിളി, കൗണ്‍സലേഴ്‌സായ അഞ്ജലി, പ്രമോദ് എന്നിവര്‍ അദാലത്തിനു നേതൃത്വം നല്‍കി.

ജില്ലാതല അദാലത്തിന്റെ രണ്ടാം ദിവസം 38 പരാതികള്‍ തീര്‍പ്പാക്കി. നാലു പരാതികള്‍ ഡിഎല്‍എസ്എയ്ക്കും രണ്ടു പരാതികള്‍ റിപ്പോര്‍ട്ടിനായും രണ്ടു പരാതികള്‍ കൗണ്‍സലിംഗിനായും അയച്ചു. ആകെ 101 പരാതികളാണ് ജില്ലാതല അദാലത്തിന്റെ രണ്ടാം ദിവസം പരിഗണിച്ചത്.

ഫോട്ടോ അടിക്കുറിപ്:
എറണാകുളം ഗവ ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല അദാലത്തിന്റെ രണ്ടാം ദിവസം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, വനിതാ കമ്മിഷന്‍ മെമ്പര്‍മാരായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ എന്നിവര്‍ പരാതി കേള്‍ക്കുന്നു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...