ഉറവ വറ്റാത്ത സ്നേഹത്തിൻ്റെ പര്യായമാണ് അസ്മയെന്ന് റവന്യു മന്ത്രി കെ.രാജൻ. സ്വന്തം കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഏറ്റ് വാങ്ങിയാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ഒരുമനയൂർ ഐ ഡി സി സ്കൂൾ മൂന്നാം ക്ലാസുകാരിയാണ് അസ്മ ഫാത്തിമ ആർ.കെ. ഒരുമനയൂർ കെട്ടുങ്ങൽ രായ്മരയ്ക്കാർ വീട്ടിൽ ആർ.കെ.സജിലിൻ്റേയും എൻ.കെ.ഹയറുന്നീസയുടേയും മകളാണ് അസ്മ. പൊതുപ്രവർത്തകനായ സജിലിൻ്റെ മൂന്ന് മക്കളിൽ മൂത്തവളായ അസ്മയ്ക്ക് പൊതുകാര്യങ്ങളിൽ താൽപ്പര്യവും പത്രപാരായണത്തിൽ വളരെ ശ്രദ്ധാലുവുമാണെന്നും സജിൽ. വയനാട്ടിലെ പ്രകൃതിദുരന്തത്തിൻ്റെ പത്രവാർത്ത കണ്ട് അസ്മ ആവശ്യപ്പെട്ടതിനാലാണ് കളക്ട്രേറ്റിൽ കമ്മൽ നൽകാൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.