ബ്രിസ്റ്റോൾ സർവകലാശാലയുടെ പിന്തുണയോടെ സൗത്ത് ഗ്ലസ്റ്റർഷറിലെ എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റ് (എൻഎച്ച്എസ്ബിടി) ശാസ്ത്രജ്ഞരാണ് എംഎഎൽ എന്നു പേരിട്ട പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്.
1972ൽ കണ്ടെത്തിയിരുന്ന എഎൻഡബ്ല്യുജെ ആന്റിജൻ ഗ്രൂപ്പിൽ നടത്തിയ ഗവേഷണമാണ് കണ്ടെത്തലിനു സഹായിച്ചത്.ലോകമെങ്ങുമുള്ള ഒട്ടേറെ അപൂർവരോഗികൾക്കു പ്രയോജനകരമാകുന്ന കണ്ടുപിടിത്തമാണിത്.
മനുഷ്യരിലെ ചുവന്ന രക്തകോശങ്ങൾക്കു വെളിയിൽ ആന്റിജൻ എന്നറിയപ്പെടുന്ന പ്രോട്ടീനുകളുണ്ട്. എന്നാൽ, അപൂർവം ചിലരിൽ ഇതുണ്ടാകില്ല.
എൻഎച്ച്എസ്ബിടിയുടെ ഫിൽട്ടനിലെ ഇന്റർനാഷനൽ ബ്ലഡ് ഗ്രൂപ്പ് റഫറൻസ് ലബോറട്ടറിയിൽ നടന്ന ജനിതക പരീക്ഷണത്തിലൂടെ ഇതാദ്യമായി ഈ ആന്റിജൻ ഇല്ലാത്ത രോഗികളെ കണ്ടെത്താനുള്ള പരിശോധന വികസിപ്പിച്ചെടുത്തതായി 20 വർഷമായി പദ്ധതിയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞ ലൂയിസി ടില്ലി പറഞ്ഞു.
ഇത്തരം അപൂർവ രക്തഗ്രൂപ്പ് ഉള്ളവരെ കണ്ടെത്താനും രക്തം നൽകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സാധിക്കുമെന്നും അവർ പറഞ്ഞു.
ഈ ലബോറട്ടറിയിൽ പ്രവർത്തിക്കുന്ന ഫിലിപ്പ് ബ്രൗണിന് 20 വർഷം മുൻപ് രക്താർബുദം കണ്ടെത്തിയിരുന്നു. ബ്രൗണിന്റെ ജീവൻരക്ഷയ്ക്കായി മജ്ജ മാറ്റിവയ്ക്കലും രക്തംമാറ്റലും നടത്തുന്നതിനൊപ്പം എഎൻഡബ്ല്യുജെ ജനിതക പരീക്ഷണവും തുടർന്നു.
ഇതാണ് പുതിയ രക്തഗ്രൂപ്പ് കണ്ടെത്തലിലേക്കു നയിച്ചത്.