പേജർ ആക്രമണത്തിനു പിറ്റേന്ന് ലബനനിലെ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് വാക്കി ടോക്കി സ്ഫോടനങ്ങള്‍.ലബനനിലുടനീളം ഹിസ്ബുള്ളകളുടെ വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചു. ഒൻപതു പേർ കൊല്ലപ്പെടുകയും 300 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു. കാറുകളിലും വീടുകളിലുമാണ് വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചത്. സംസ്കാരച്ചടങ്ങിലും സ്ഫോടനമുണ്ടായി.
തലസ്ഥാനമായ ബെയ്റൂട്ടില്‍ ഒട്ടേറെ സ്ഫോടനങ്ങളുണ്ടാവുകയും നിരവധിപ്പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഹിസ്ബുള്ള ഭീകരരുടെ 3000ത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ 12 പേർ മരിച്ചിരുന്നു. ആശുപത്രികളില്‍ 2750 പേർ ചികിത്സയിലുണ്ട്. രണ്ടു ദിവസത്തെ ആക്രമണത്തില്‍ ഹിസ്ബുള്ളകളുടെ ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. ലബനീസ് ജനത ഫോണുകള്‍ അടക്കം ഉപയോഗിക്കാൻ ഭയക്കുന്നതായും റിപ്പോർട്ടുണ്ട്. ഇസ്രേലി ചാരസംഘടനയായ മൊസാദ് ആണ് ആക്രമണത്തിനു പിന്നിലെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.