എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ.
പരാതികളില്‍ അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ട്. കീഴുദ്യോഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഡിജിപിക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം പോയത് പരാതിയില്‍ കഴമ്പുള്ളത് കൊണ്ടല്ലേ. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്. മുഖ്യമന്ത്രിയില്‍ വിശ്വാസവും പ്രതീക്ഷയുമുണ്ട്.
സംസ്ഥാനത്ത് പാരലല്‍ അന്വേഷണം നടക്കുന്നുണ്ട്. പരാതിയില്‍ അന്വേഷണം നടക്കുന്നതിന് പകരം തനിക്ക് തെളിവുകള്‍ നല്‍കിയത് ആരാണ് എന്ന അന്വേഷണമാണ് നടത്തുന്നതെന്നും പി.വി അന്‍വര്‍ പറഞ്ഞു.
എഡിജിപിക്കൊപ്പം നില്‍ക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ തനിക്ക് തെളിവ് തന്നവരെ തേടി പോകുന്നുണ്ട്. തെളിവ് നശിപ്പിക്കാനും ഭീഷണിപ്പെടുത്താനുമുള്ള നീക്കവും നടക്കുന്നുണ്ടെന്നും പി.വി അന്‍വര്‍ പറഞ്ഞു.
പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറി ഫയലുകള്‍ പിടിച്ചുവെച്ച് പൊതുസമൂഹത്തില്‍ അനാവശ്യ സംശയങ്ങളുണ്ടാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
വീണ്ടും വീണ്ടും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയുടേത്. സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടാക്കാനാണ് ഫയല്‍ എട്ട് ദിവസം പിടിച്ചുവച്ചതെന്നും പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.