താൻ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടാലും അർജുന്‍റെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട ലോറിയുടെ ഉടമ മനാഫ്.
മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും കേസില്‍ പ്രതി ചേർത്തതില്‍ വലിയ മാനസിക സംഘർഷത്തിലാണെന്നും മനാഫ് പറഞ്ഞു. സൈബർ ആക്രമണത്തില്‍ അർജുന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ തനിക്കെതിരെ കേസെടുത്തതിലായിരുന്നു മനാഫിന്‍റെ പ്രതികരണം. കേസിനെ എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മനാഫിന്‍റെ മറുപടി.
മതങ്ങളെ തമ്മിലടിപ്പിക്കുന്ന ഒരു കാര്യവും ചെയ്യില്ല. മതങ്ങളെ കൂട്ടിയോജിപ്പിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. ഇന്നലെ വാർത്ത സമ്മേളനം നടത്തിയപ്പോഴും എന്‍റെ ഭാഗത്തുനിന്ന് അറിയാതെ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അതിന് മാപ്പു പറഞ്ഞതാണ്. എന്നിട്ടും അവര് കേസു കൊടുത്തെങ്കില്‍ എന്താ ചെയ്യാ? അവരെ ആക്രമിക്കുന്ന രീതിയിലോ അധിക്ഷേപിക്കുന്നതോ ആയ കമന്‍റ് ഇടരുത് എന്നു തന്നെയാണ് പൊതുസമൂഹത്തോട് പറഞ്ഞിട്ടുള്ളത്. എന്‍റെ ഫോണിലേക്ക് ഒരുപാട് കാള്‍ വരുന്നുണ്ട്. അനാവശ്യമായി വിളിക്കരുത് എന്നാണ് എല്ലാവരോടും പറയാനുള്ളത്.
ജനവികാരം എങ്ങനെയാണെന്ന് എനിക്കറിയില്ല. കഴിയുംപോലെ എല്ലാവരോടും അഭ്യർഥിച്ചിട്ടുണ്ട്. ഇന്നലത്തെ പത്രസമ്മേളനത്തോടെ എല്ലാം അവസാനിപ്പിച്ചതാണ്. ഞാനിപ്പോഴും അവർക്ക് അനുകൂലമായാണ് സംസാരിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ടാലും അവർക്കൊപ്പം നില്‍ക്കും.