മുന്‍ഗണനാ റേഷന്‍ കാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി ബഹു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ നിയമസഭയെ അറിയിച്ചു.

മുന്‍ഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങള്‍ക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ധാരാളം ആളുകള്‍ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാല്‍ സമയപരിധി ദീർഘിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ.ഇ.കെ.വിജയന്‍ എം.എല്‍.എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇ-ശ്രം പോര്‍ട്ടല്‍ പ്രകാരമുള്ളവര്‍ക്ക് റേഷന്‍കാര്‍ഡ് അനുവദിച്ച് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്, ബഹു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള MA 94/2022 in SM WP(C) 6/2020-ാം നമ്പര്‍ അന്യായത്തിന്റെ മേലുള്ള വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിര്‍ദ്ദേശാനുസരണമാണ് സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ e-KYC മസ്റ്ററിങ് ആരംഭിച്ചത്. NFSA ഗുണഭോക്താക്കളുടെ e-KYC അപ്ഡേഷന്‍ നടപടികളുടെ പ്രാരംഭ ഘട്ടത്തില്‍ നേരിട്ട തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി NIC-യുടെ AUA സെര്‍വറിന്റെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട്, റേഷന്‍കടകളില്‍ സ്ഥാപിച്ചിട്ടുളള ഇ-പോസ്‌ മെഷിന്‍ മുഖാന്തിരം 2024 സെപ്റ്റംബര്‍ മാസം 18-ാം തീയതി ആരംഭിച്ച് ഒക്ടോബർ 8ാം തീയതി അവസാനിക്കുന്ന വിധത്തിലാണ് ഷെഡ്യൂള്‍ തയ്യാറാക്കിയിരുന്നുത്.

എന്നാല്‍ ഒക്ടോബർ 8ാം തീയതി വരെ79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷന്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. മുന്‍ഗണാകാർഡിലെ 20ശതമാനത്തോളം അംഗങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ മസ്റ്ററിംഗില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍ഗണനാകാർഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേർക്കും മസ്റ്ററിംഗില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുമുണ്ട്. 19,84,134 AAY(മഞ്ഞ) കാർഡ് അംഗങ്ങളില്‍ 16,09,794 പേരും (81.13%) 1,33,92,566 PHH (പിങ്ക്) കാർ‍ഡ് അംഗങ്ങളില്‍ 1,06,59,651 പേരും (79.59%) മസ്റ്ററിംഗ് പൂർത്തിയാക്കി.

ബഹുമാനപ്പെട്ട അംഗം ശ്രദ്ധക്ഷണിക്കലിലൂടെ ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും വിജയകരമായി മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
മസ്റ്ററിംഗിനായി റേഷന്‍കടകളിലെത്താന്‍ കഴിയാത്ത കിടപ്പ്‌ രോഗികള്‍, ഇ-പോസില്‍ വിരലടയാളം പതിയാത്തവര്‍, പത്ത്‌ വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ മസ്റ്ററിംഗിന്റെ ആദ്യഘട്ടത്തില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍, റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ വീടുകളില്‍ നേരിട്ടെത്തി ഐറിസ്‌ സ്കാനര്‍ ഉപയോഗിച്ച്‌ അപ്ഡേഷന്‍ നടത്തുന്നതിനാവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ക്ക്നല്‍കിയിട്ടുണ്ട്‌.

e-KYC(ഇലക്ട്രോണിക് – നോ യുവർ കസ്റ്റമർ)അപ്ഡേറ്റ്‌ ചെയ്തിട്ടുള്ളതും റേഷന്‍ വിതരണം സംബന്ധിച്ച AePDS പോര്‍ട്ടലില്‍ നിരസിച്ചിട്ടുള്ളതുമായ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട്‌ റേഷന്‍കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റത്തില്‍ (RCMS) ആവശ്യമായ തിരുത്തലുകള്‍ വരുത്തിയ ശേഷം അത്തരക്കാരുടെ അപ്ഡേഷന്‍ പൂര്‍ത്തികരിക്കാനുള്ള നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
ആധാര്‍ നമ്പര്‍ പരസ്പരം മാറിപ്പോയതും എന്നാല്‍ AePDS-ല്‍ അപ്രൂവ്‌ ചെയ്തതുമായ കേസുകള്‍ പരിഹരിക്കുവാനാവശ്യമായ നടപടികളും സ്വീകരിച്ചു വരുന്നു.

പഠനാവശ്യം മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവർക്ക് അതാത് സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. ഇതിന് കഴിയാത്തവർക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ നാട്ടിലെത്തി മസ്റ്ററിംഗ് പൂർത്തിയാക്കാവുന്നതാണ്. ഇതിനായി പരമാവധി സമയം അനുവദിക്കുന്നതാണ്.
തൊഴില്‍ ആവശ്യാർത്ഥം വിദേശത്ത് താമസിക്കുന്നവർക്ക് NRK Status (നോണ്‍ റസിഡന്റ് കേരള) നല്‍കി കാർഡില്‍ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. അവർക്ക് അടിയന്തിരമായി മസ്റ്ററിംഗ് ചെയ്യാനായി സംസ്ഥാനത്ത് എത്തേണ്ടതില്ല.

അതിനോടൊപ്പം മുന്‍ഗണനാപട്ടികയിലുള്ള മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിംഗ് നടപടികള്‍ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നല്‍കുകയും ചെയ്യുന്നതാണ് എന്നും മന്ത്രി സഭയില്‍ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന ഒഴിവിലേയ്ക്ക് അര്‍ഹരായവരെ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

spot_img

Related articles

മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ചു

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ച് പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്...

വനിതാ കമ്മീഷന്‍ സിറ്റിങ്; 10 കേസുകള്‍ തീര്‍പ്പാക്കി

കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 10 കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര...

മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ടു; കടവൂര്‍ ശിവരാജുവിന് വിദഗ്ധ പരിശോധന

അനാരോഗ്യമായിട്ടും വിശ്രമം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ധസംഘം കടവൂര്‍...

ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങൾ: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

മാരക ലഹരി വിപത്തിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പി സി ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും...