പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്‌കുമാർ (38) എന്നീ മലയാളികളും ഒരു പഞ്ചാബ് സ്വദേശിയുമാണ് മരണപ്പെട്ടത്. ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. അബുദാബി അൽ റിം ഐലന്റിലുള്ള സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അപകടം.
ഏറെ നാളായി ഒരേ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു മരിച്ച മൂന്ന് പേരും.
അടച്ചിട്ടിരുന്ന മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അജിത് കാലുതെറ്റി ടാങ്കിലേക്ക് വീഴുകയായിരുന്നു. അജിത്തിന്റെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തിൽപെട്ടത്. ടാങ്കിന് മൂന്ന് മീറ്ററിലധികം താഴ്ചയാണ് ഉണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹം അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.