ജനതാദള്‍ എസ് മുൻ എംപി പ്രജ്വല്‍ രേവണ്ണ പീഡിപ്പിച്ച വീട്ടുജോലിക്കാരിയുടെ വസ്ത്രത്തില്‍നിന്ന് ഇയാളുടെ ഡിഎൻഎ സാംപിള്‍ ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറിയിച്ചു.
ഹോളെനരസീപുരയിലെ ഫാംഹൗസില്‍ പ്രജ്വല്‍ പീഡിപ്പിച്ച 48 വയസ്സുള്ള ജോലിക്കാരിയുടെ വസ്ത്രത്തില്‍ നിന്നാണ് തെളിവു ലഭിച്ചത്. ഫാം ഹൗസില്‍ ജോലിക്കാരുടെ ഔട്ട്‌ഹൗസിലെ അലമാരയില്‍ നിന്നു ലഭിച്ച വസ്ത്രങ്ങളാണ് ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയത്.
പ്രജ്വലിന്റേതായി പുറത്തിറങ്ങിയ വിഡിയോകളില്‍ വീട്ടുജോലിക്കാരിയുടെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഇതുള്‍പ്പെടെ 4 പീഡനക്കേസുകളാണ് പ്രജ്വല്‍ നേരിടുന്നത്. മേയ് 31ന് എസ്‌ഐടി അറസ്റ്റ് ചെയ്ത പ്രജ്വല്‍ നിലവില്‍ പാരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ വിചാരണത്തടവിലാണ്.