അടുത്ത നാലു വർഷം ലോകഗതിയെ നിർണായകമായി സ്വാധീനിക്കുന്ന നേതാവിനെ അമേരിക്കൻ ജനത തെരഞ്ഞെടുക്കും.പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഡെമോക്രാറ്റിക് പാർട്ടിക്കുവേണ്ടി മത്സരിക്കുന്നത് ഇന്ത്യൻ വംശജ കമല ഹാരിസ് ആണ്. പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും. ബൈഡൻ രണ്ടാംമൂഴത്തിന് മത്സരത്തിനിറങ്ങിയതാണ്. എന്നാല്‍ പ്രായാധിക്യത്തെക്കുറിച്ചുള്ള വിമർശനങ്ങളേറിയപ്പോള്‍ അദ്ദേഹം പിന്മാറി. വൈസ് പ്രസിഡന്‍റ് കമല ഡെമോക്രാറ്റിക് സ്ഥാനാർഥിയായി. മിന്നസോട്ട ഗവർണർ ടിം വാല്‍സ് ആണ് കമലയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി (റണ്ണിംഗ് മേറ്റ്). ഒഹായോയില്‍നിന്നുള്ള സെനറ്റല്‍ ജെ.ഡി. വാൻസ് ആണ് ട്രംപിന്‍റെ റണ്ണിംഗ് മേറ്റ്. ആറു സമയമേഖലകളുള്ള അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളിലെ പോളിംഗ് സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവേ, പ്രാദേശിക സമയം ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് എട്ടുവരെയാണ് പോളിംഗ്. വോട്ടെടുപ്പ് അവസാനിക്കും മുൻപെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞാലേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകൂ. ഇതിനു മുന്പേ അമേരിക്കൻ മാധ്യമങ്ങള്‍ വിജയിയെക്കുറിച്ചുള്ള സൂചനകള്‍ നല്കും. ദേശീയ പാർലമെന്‍റായ കോണ്‍ഗ്രസിലെ ജനപ്രതിനിധിസഭയിലെ മുഴുവൻ സീറ്റുകളിലേക്കും സെനറ്റിലെ മൂന്നിലൊന്നു സീറ്റുകളിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പു നടക്കുന്നു. 11 സംസ്ഥാനങ്ങളിലും രണ്ട് അമേരിക്കൻ പ്രദേശങ്ങളിലും ഗവർണർമാരെ തെരഞ്ഞെടുക്കും. മറ്റു സംസ്ഥാന, പ്രാദേശിക തെരഞ്ഞെടുപ്പുകളും ഒപ്പം നടക്കുന്നു. ജനങ്ങളുടെ വോട്ട് ഏറ്റവും കൂടുതല്‍ കിട്ടുന്നയാളല്ല, ഇലക്‌ടറല്‍ കോളജില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാളാണ് ജയിക്കുന്നത്. ജനസംഖ്യ അടിസ്ഥാനമാക്കി അമേരിക്കയിലെ 50 സംസ്ഥാനങ്ങള്‍ക്ക് നിശ്ചിത ഇലക്‌ടറല്‍ വോട്ടുകള്‍ അനുവദിച്ചിട്ടുണ്ട്. കലിഫോർണിയയില്‍ 54ഉം അലാസ്കയില്‍ മൂന്നും ഇലക്‌ടറല്‍ വോട്ടുകളാണുള്ളത്.ഓരോ സംസ്ഥാനത്തും ഏറ്റവും കൂടുതല്‍ ജനപിന്തുണ ലഭിക്കുന്ന സ്ഥാനാർഥിക്ക് ആ സംസ്ഥാനത്തെ മുഴുവൻ ഇലക്‌ടറല്‍ വോട്ടുകളും കിട്ടും. മൊത്തം 538 ഇലക്‌ടറല്‍ വോട്ടുകളാണുള്ളത്. ജയിക്കാൻ വേണ്ടത് 270. മിക്ക സംസ്ഥാനങ്ങളും ഡെമോക്രാറ്റുകളുടെയോ റിപ്പബ്ലിക്കന്മാരുടെയോ കോട്ടകളാണ്. പെൻസില്‍വേനിയ, നോർത്ത് കരോളൈന, ജോർജിയ, മിഷിഗണ്‍, അരിസോണ, വിസ്കോണ്‍സിൻ, നെവാഡ എന്നീ ഏഴു സംസ്ഥാനങ്ങള്‍ ഇക്കുറി ആരെ പിന്തുണയ്ക്കുമെന്നതില്‍ വ്യക്തതയില്ല. ചാഞ്ചാട്ട മനോഭാവമുള്ള ഈ ഏഴു സംസ്ഥാനങ്ങളിലെ വോട്ടുകള്‍ വിജയിയെ നിശ്ചയിക്കാം. അവസാന ദിവസങ്ങളില്‍ ട്രംപിന്‍റെയും കമലയുടെയും പ്രചാരണം ഈ സംസ്ഥാനങ്ങളിലായിരുന്നു.ബൈഡനും ട്രംപും തമ്മില്‍ പ്രചാരണം നടത്തിയ കാലത്ത്, അഭിപ്രായ സർവേകളില്‍ ട്രംപിനു നല്ല മേല്‍ക്കൈ ഉണ്ടായിരുന്നു. ബൈഡൻ പിന്മാറി കമല വന്നപ്പോള്‍ ട്രംപ് താഴേക്കു പോയി. പിന്നീട് ട്രംപ് നില മെച്ചപ്പെടുത്തി. വോട്ടെടുപ്പിനു മുന്പായുള്ള സർവേകളുടെ ശരാശരി എടുത്താല്‍ ട്രംപിനും കമലയ്ക്കും 50 ശതമാനത്തിനു മുകളില്‍ പിന്തുണയില്ല. ട്രംപിന് 46.9 ശതമാനമാണ് പിന്തുണ; കമലയ്ക്കുള്ള പിന്തുണ 47.9 ശതമാനം.