പാരിസ് ഒളിമ്പിക്സിൽ ഏറെ വിവാദം സൃഷ്ടിച്ച മത്സരമായിരുന്നു വനിതകളുടെ 66 കിലോഗ്രാം ബോക്സിങ് മത്സരം. മത്സരം ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങൾക്കൊന്നിനാണ് തിരികൊളുത്തിയത്. മത്സരത്തിൽ ജയിച്ച അൽജീരിയൻ താരം ഇമാനെ ഖെലിഫ് പുരുഷനാണെന്ന ആരോപണമായിരുന്നു അന്ന് ഉയർന്നിരുന്നത്. ഇതിന് ഇപ്പോൾ വ്യക്തത വരുന്ന മെഡിക്കൽ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ ഇമാനെ ഖെലീഫ് പുരുഷനെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഖെലിഫിന് ആന്തരിക വൃഷണങ്ങളും XY ക്രോമസോമുകളും ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. പാരീസിലെ ക്രെംലിൻ-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അൾജിയേഴ്സിലെ മുഹമ്മദ് ലാമിൻ ഡെബാഗൈൻ ഹോസ്പിറ്റലിലെയും വിദഗ്ധർ 2023 ജൂണിലാണ് ലിംഗനിർണയ റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോർട്ട് ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ ജാഫർ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഇമാനെയെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ എംആർഐ സ്‌കാനിംഗിൽ പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ സ്ത്രീകളിൽ കാണപ്പെടേണ്ട ഗർഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെ വൻ പ്രതിഷേധമാണ് നടക്കുന്നത്.2023-ൽ ഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ പോരാട്ടത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇൻ്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ (IBA) ഇമാനെ ഖെലീനെ വിലക്കിയിരുന്നു. പാരിസ് ഒളിമ്പിക്സിൽ ഇറ്റാലിയൻ താരം ഏഞ്ചല കരിനിയെയാണ് ഇമാനെ ഖെലീഫ് പരാജയപ്പെടുത്തിയിരുന്നത്. മത്സരത്തിനിടെ ഇമാനെ ഖെലിഫയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കിൽനിന്ന് രക്തം വരുകയും 46 സെക്കൻഡിനകം മത്സരം അവസാനിക്കുകയും ചെയ്തിരുന്നു.ജീവൻ രക്ഷിക്കാനാണ് മത്സരത്തിൽനിന്ന് പിന്മാറിയതെന്നും ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമെന്നുമാണ് താരം കണ്ണീരോടെ പ്രതികരിച്ചത്.