കെഎസ്‌ആർടിസിയുടെ ഡിപ്പോകളില്‍ മെഡിക്കല്‍ കെയർ സംവിധാനം സജ്ജമാക്കും.ആദ്യ എമർജൻസി മെഡിക്കല്‍ കെയർ യൂണിറ്റിന്‍റെ ഉദ്ഘാടനം ഇന്ന് ഉച്ച്‌കഴിഞ്ഞ് മൂന്നിന് തിരുവനന്തപുരത്ത് നടക്കും.
സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്ഘാടനം നിർവഹിക്കും. സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ കേരളയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജെറിയാട്രിക്സും എല്ലാ തരത്തിലുമുള്ള അത്യാഹിതങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്‌തമായ രീതിയിലുള്ള എമർജൻസി മെഡിക്കല്‍ കെയർ യൂണിറ്റുകളാണ് ആരംഭിക്കുന്നത്. ഈ കേന്ദ്രങ്ങള്‍ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും.
ആദ്യഘട്ടത്തില്‍ കെഎസ്‌ആർടിസിയുടെ 14 ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് പ്രവർത്തനം തുടങ്ങുന്നത്. തിരുവനന്തപുരം സെൻട്രല്‍, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുല്‍ത്താൻ ബത്തേരി, കണ്ണൂർ, കാസർഗോഡ്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തൃശൂർ എന്നീ 14 കെഎസ്‌ആർടിസി യൂണിറ്റുകളിലാണ് എമർജൻസി മെഡിക്കല്‍ കെയർ യൂണിറ്റുകള്‍ തുടങ്ങുന്നത്.