കോൺഗ്രസിനെയും സാദിഖലി തങ്ങളെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയോട് കോൺഗ്രസിന് മൃദു സമീപനമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പല കോൺഗ്രസുകാർക്കും വർഗീയ നിലപാടാണെന്നും വർഗീയതയെ പ്രീണിപ്പിക്കുന്നത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആർ എസ് എസുകാരനെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. അയാളെക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പാണക്കാട് തങ്ങൾക്ക് എതിരായ പരാമർശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. പറഞ്ഞത് മുസ്ലീം ലീഗ് പ്രസിഡൻ്റിനെ കുറിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങൾ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാദിഖലിയെ കുറിച്ച് പറയരുതെന്ന് ലീഗ് നേതാക്കൾ പറഞ്ഞാൽ നാട് അംഗീകരിക്കുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുസ്ലിം ലീഗ് ജമാത്തെ ഇസ്ലാമിയും എസ്ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടിനോട് സമരസപെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി