ബി.ജെ.പിയില്‍ ഭിന്നതയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും വ്യക്തമാക്കി സി. കൃഷ്ണകുമാർ.തന്നേക്കാള്‍ കഴിവുറ്റ നിരവധിപേർ പാർട്ടിയിലുണ്ട്. പക്ഷേ സ്ഥാനാർഥിയാകണമെന്ന് സംസ്ഥാന ഘടകവും കേന്ദ്രനേതൃത്വവും നിർദ്ദേശിച്ചപ്പോള്‍ ഒരു സാധാരണ പ്രവർത്തകനെന്ന നിലയില്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് കൃഷ്ണകുമാർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ജെ.പി നദ്ദയും ഉള്‍പ്പെട്ട ഒരു പാർലമെന്ററി ബോർഡാണ് അസംബ്ലി സ്ഥാനാർഥികളെ തീരുമാനിച്ചത്. പാർട്ടി ഒരു ഉത്തരവാദിത്തം ഏല്‍പിച്ചാല്‍ അത് അച്ചടക്കത്തോടെ നിർവഹിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും കൃഷ്ണകുമാർ പറഞ്ഞു. നഗരസഭാ കൗണ്‍സിലർമാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. കൗണ്‍സിലർമാരെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയും ഏല്‍പിച്ച ഉത്തരവാദിത്തം കൃത്യമായി അവർ നിർവഹിച്ചിട്ടുണ്ട്. നഗരസഭാ പരിധിയില്‍ ഒരുശതമാനം പോലും വോട്ടു കുറഞ്ഞിട്ടില്ല. കൃത്യമായ വിലയിരുത്തല്‍ യോഗം നടത്താൻ പോകുന്നതേയുള്ളൂ. ദേശീയ നേതൃത്വത്തിന് പരാതി കൊടുത്തുവെന്നത് തെറ്റായ വാർത്തയാണെന്നും കൃഷ്ണകുമാർ പറഞ്ഞു.