ഉത്തര്‍പ്രദേശിലെ സംഭലിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംഭലിലേക്ക് തിരിച്ച മുസ്ലിംലീഗ് എംപിമാരെ തടഞ്ഞ് യുപി പോലീസ്.ഗാസിയാബാദ് എത്തിയപ്പോഴാണ് എംപിമാരെ തടഞ്ഞത്. 5 എംപിമാരടങ്ങിയ 2 വാഹനങ്ങളാണ് പോലീസ് തടഞ്ഞത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. സംഭല്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കില്ലെന്നും മങ്ങിപ്പോകണമെന്നും പോലീസ് ലീഗ് എംപിമാരോട് പറയുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാന്‍, പിവി അബ്ദുല്‍ വഹാബ്, നവാസ് ഖനി തുടങ്ങിയ ലീഗ് എംപിമാര്‍ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. ഉത്തർപ്രദേശിലെ സംഭാലില്‍ ഷാഹി ജുമാമസ്ജിദ് സർവേയ്ക്കിടെയാണ് സംഘർഷമുണ്ടായത്.നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.മുഗള്‍ ഭരണ കാലത്ത് നിർമിച്ച മസ്ജിദില്‍ സർവേ നടത്താൻ കോടതി അനുമതി നല്‍കിയിരുന്നു. ഹരിഹർ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിർമിച്ചതെന്ന ഹർജിയിലായിരുന്നു കോടതിയുടെ നിർദേശം. കോടതി ഉത്തരവിനെ തുടർന്ന് ജുമാമസ്ജിദില്‍ ഉദ്യോഗസ്ഥർ സർവേയ്ക്ക് എത്തിയതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്.