തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പൊലീസ് മേധാവി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ അംഗം വി കെ ബീനാകുമാരിയാണ് റൂറൽ എസ്പിക്ക് നിർദ്ദേശം നൽകിയത്.ചൊവ്വാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന തടിലോറിയാണ് റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കിയത്. മദ്യലഹരിയിൽ ക്ലീനറാണ് വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രൈവർ ജോസിനും ക്ലീനർ അലക്സിനുമെതിരെ മനപൂർവ്വമായ നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു. അപകടത്തിന്റെ പശ്ചാത്തലത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെയുള്ള സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജു കൂട്ടിച്ചേർത്തു