കോഴിക്കോട് ലോഡ്ജ് മുറിയിലെ യുവതിയുടെ മരണത്തിൽ യുവതിക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന അബ്ദുൾ സനൂഫിനായി അന്വേഷണം തുടങ്ങി പൊലീസ്. അബ്ദുൾ സനൂഫിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. നേരത്തെ സംഭവത്തിൽ അസ്വാഭാവിക മരണത്തിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. യുവതിയുടെ മരണം കൊലപാതകമാണെന്ന സൂചന വന്നതോടെയാണ് കൊലക്കുറ്റം ചുമത്തിയത്. അബ്ദുൾ സൂഫിനെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. അതേസമയം, ഫസീലയുടെ ഖബറടക്കം തേലക്കാട് കാപ്പ് ജുമ മസ്ജിദ് ഖബറിസ്ഥാനില്‍ നടന്നു.എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിലാണ് ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീലയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചനയുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് ഫസീലയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. ബന്ധുക്കൾ എത്തിയ ശേഷമാണ് നടപടികൾ തുടങ്ങിയത്. ഫസീലയുടെ ഉപ്പയും സഹോദരിമാരും മോർച്ചറിയിലെത്തിയിരുന്നു. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. ഫസീലയുടെ മരണത്തിൽ അന്വേഷണം വേണമെന്നും ഫസീലയുടെ പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടു.