നെടുംകുന്നം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഫൊറോനാ പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ പുഴുക്കുനേർച്ച ഇന്ന് വൈകിട്ട് 5ന് നടക്കും.
അരലക്ഷത്തോളം പേർക്കായാണു നേർച്ചപ്പുഴുക്ക് തയാറാക്കുന്നത്. പള്ളിയിലെ ആദ്യ വികാരിയായിരുന്ന കളത്തൂകുളങ്ങര ഏബ്രഹാം കത്തനാർ (നെടുങ്ങോത്തച്ചൻ) ആണ് പുഴുക്കു നേർച്ച തുടങ്ങിവച്ചത്.
അദ്ദേഹത്തെ കാണാനും പ്രാർഥിക്കാനുമായി പള്ളിയിലെത്തിയിരുന്നവർക്ക് തേങ്ങാക്കൊത്തുകളാണ് ആദ്യകാലത്ത് വെഞ്ചരിച്ച് നൽകിയിരുന്നത്. പിന്നീട് പലരും കാർഷികോൽപന്നങ്ങൾ പള്ളിയിലെത്തിച്ചു നൽകി. ഇതുകൊണ്ട് പുഴുക്കുണ്ടാക്കി തേക്കിലയിൽ വിളമ്പുമായിരുന്നു.
5,000 കിലോഗ്രാം കപ്പ, ആയിരം കിലോഗ്രാം വീതം ചേമ്പ്, കാച്ചിൽ, ഏത്തയ്ക്ക, 1,800 കിലോഗ്രാം ഇറച്ചി, 250 കിലോഗ്രാം മസാലക്കൂട്ട്, 80 കിലോഗ്രാം ചുവന്നുള്ളി, 70 കിലോഗ്രാം വെളുത്തുള്ളി, 35 കിലോഗ്രാം പച്ചമുളക്, എന്നിവ ചേർത്ത് 35 ചെമ്പുകളിലാണ് പുഴുക്ക് തയ്യാറാക്കിയിരുന്നതെന്ന് വികാരി ഫാ.വർഗീസ് കൈതപ്പറമ്പിൽ അറിയിച്ചു.