തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വികസനം ഉറപ്പാക്കുന്ന സപ്ലിമെന്ററി കൺസഷൻ കരാർ ഇന്ന് സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പു വച്ചു. സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളിലുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പൂർത്തിയിയാക്കി സംസ്ഥാന സർക്കാരിന് വരുമാനനേട്ടം സാധ്യമാക്കുന്നത് ആദ്യം വിഭാവനം ചെയ്തിരുന്നതിനെക്കാൾ നേരത്തെയാകുമെന്ന് മന്ത്രി വി.എൻ .വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാൾ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ഇപ്പോൾ ധാരണയില്‍ എത്തിയിരിക്കുന്നത്. പഴയ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 15-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. അതായത് 2034 മുതല്‍ സര്‍ക്കാരിന് വരുമാനം ലഭിക്കുക. വിവിധ കാരണങ്ങളാൽ പദ്ധതി പൂര്‍ത്തീകരണം വൈകിയ സാഹചര്യത്തില്‍ വരുമാന വിഹിതം 2039 മുതല്‍ മാത്രം അദാനി ഗ്രൂപ്പ് നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കും. അതായത് നിലവില്‍ നിര്‍മ്മാണം വൈകുമെങ്കിലും സര്‍ക്കാരിന് മുന്‍നിശ്ചയ പ്രകാരം അതിലും കൂടുതല്‍ വരുമാനം അദാനി പോർട്ട് കമ്പനിയിൽ നിന്ന് ലഭിക്കും.
പഴയ കരാര്‍ പ്രകാരം തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിലെ വരുമാനം അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍ക്കാരിന് വിഹിതം നല്‍കുക. എന്നാല്‍, തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം 2028-ല്‍ പൂര്‍ത്തീകരിക്കുന്നതിനാല്‍ 4 ഘട്ടങ്ങളും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭ വിഹിതമായിരിക്കും അദാനി കമ്പനി സര്‍ക്കാരിന് 2034 മുതല്‍ നല്‍കുക .
ഈ സർക്കാരിന്റെ നടപടിയിലൂടെ ലഭികുന്ന നേട്ടങ്ങൾ
പഴയ കരാർ അനുസരിച്ച് ഒന്നാം ഘട്ടത്തിന്റെ സ്ഥാപിത ശേഷിയുടെ 75 ശതമാനത്തില്‍ കൂടുതല്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷം തുറമുഖത്തു കൈകാര്യം ചെയ്യുന്ന മുറയ്‌ക്കോ, അല്ലാത്തപക്ഷം 2045-ന് മുന്‍പോ ആയിരുന്നു തുറമുഖത്തിന്റെ രണ്ടാം ഘട്ടം കരാര്‍ കമ്പനി ഏറ്റെടുക്കേണ്ടിയിരുന്നത്.
തുറമുഖ വകുപ്പ് ഇപ്പോൾ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും, മൂന്നും, നാലും ഘട്ടങ്ങള്‍ ഉള്‍പ്പെടെ) 2028-ഡിസംബര്‍നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അദാനി പോർട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്.
ഈ രീതിയിൽ നിർമ്മാണം പൂർത്തികരിക്കുന്നത് അതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്‌നറായിരിക്കും. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷം വരെ ഉയരും. 2028-ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും. (പഴയ കരാര്‍ അനുസരിച്ച് പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്നറായിരുന്നു സ്ഥാപിത ശേഷി) .
വരുമാനം ലഭിക്കുന്ന കാര്യത്തില്‍ മാത്രമല്ല സര്‍ക്കാര്‍ നല്‍കാനുള്ള തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. നിര്‍മ്മാണ കരാര്‍ പ്രകാരം 408.90 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വി. ജി. എഫ് വിഹിതമായി അദാനി കമ്പനിക്ക് നിര്‍മ്മാണ വേളയില്‍ നല്‍കേണ്ടിയിരുന്നത്. പുതിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഈ തുക 365.10 കോടി രൂപയായി കുറച്ചു. ഇതിലൂടെ 43.80 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കുറവ് ലഭിച്ചു.
കമ്പനിക്ക് നല്‍കേണ്ട 365.10 കോടി രൂപയില്‍, 189.90 കോടി രൂപ മാത്രം ഇപ്പോൾ നല്‍കിയാല്‍ മതി. ബാക്കിയുള്ള 175.20 കോടി രൂപ, തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് മാത്രം സര്‍ക്കാര്‍ കൊടുത്താന്‍ മതിയെന്നും തീരുമാനത്തില്‍ എത്തി.
നിക്ഷേപത്തിൽ നിന്നും നികുതി വരുമാനം
തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10000 കോടി രൂപയുടെ ചിലവാണ് കരാര്‍ കമ്പനി കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂര്‍ണ്ണമായും അദാനി കമ്പനി ആയിരിക്കും വഹിക്കുക. അടുത്ത നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 10000 കോടി രൂപയുടെ നിക്ഷേപം നടത്തുമ്പോള്‍ നിര്‍മ്മാണ സാമഗ്രികള്‍ക്കുമേല്‍ ലഭിക്കുന്ന ജിഎസ്.ടി റോയല്‍റ്റി, മറ്റു നികുതികള്‍ എല്ലാം ചേര്‍ത്തു നികുതി ഇനത്തില്‍ തന്നെ സര്‍ക്കാരിന് ഒരു വലിയ തുക ലഭിക്കും. നികുതി വരുമാനത്തില്‍ നിന്നും ലഭിക്കുന്ന തുകയുടെ ഒരു പങ്കില്‍നിന്നു തന്നെ അദാനി കമ്പനിക്കു 2028-ല്‍ തിരികെ നല്‍കേണ്ട 175.20 കോടി രൂപ കണ്ടെത്താന്‍ സര്‍ക്കാരിന് സാധിക്കും. . പ്രദേശവാസികള്‍ക്കും മറ്റും അനവധി തൊഴില്‍ അവസരങ്ങളും ലഭിക്കുന്നതാണ്.
നിർമ്മാണകരാര്‍ പ്രകാരം അദാനി തുറമുഖ കമ്പനിക്ക് കൈമാറേണ്ട ഭൂമി സമയബന്ധിതമായി ഏറ്റെടുത്തു കൊടുക്കാന്‍ കഴിയാത്തത് മൂലം 30 കോടി രൂപയോളം നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ പുതിയധാരണ അനുസരിച്ച് സര്‍ക്കാര്‍ ഈ ഇനത്തില്‍ യാതൊരുവിധ നഷ്ടപരിഹാരവും നല്‍കേണ്ടതില്ല . ആര്‍ബിട്രേഷന്‍ നടത്തിപ്പിനായി നാളിതുവരെ ഏകദേശം 6 കോടി രൂപയോളം സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. ഇത് തുടര്‍ന്ന് പോകുന്നപക്ഷം ഈ ഇനത്തില്‍ സര്‍ക്കാര്‍ ചിലവഴിക്കേണ്ടി വരുമായിരുന്നു അധികം തുക പൂര്‍ണ്ണമായി ലാഭിക്കാനും നിലവില്‍ ഉണ്ടാക്കിയ ധാരണയിലൂടെ കഴിയുന്നു.
വിഴിഞ്ഞം തുറമുഖം : ഭാവി വരുമാന നേട്ടങ്ങള്‍
ഉയര്‍ന്ന വരുമാന വിഹിതവും നികുതി വരവും
കരാര്‍ പ്രകാരം, പദ്ധതി അതിന്റെ പ്രവര്‍ത്തന കാലയളവിലെ പതിനഞ്ചാം വര്‍ഷം മുതല്‍ വരുമാനം സര്‍ക്കാരുമായി പങ്കിടാന്‍ തുടങ്ങും. റവന്യൂ വിഹിതം (അഡീഷണല്‍ പ്രീമിയം രൂപത്തില്‍) 15 ആം വര്‍ഷത്തില്‍ 1% തുടങ്ങി 40 വര്‍ഷത്തെ കരാര്‍ കാലയളവ് അവസാനിക്കുമ്പോള്‍ 21% ആയി വര്‍ദ്ധിക്കും. Ernst and Young തയ്യാറാക്കിയ പ്രോജക്ടിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് അനുസരിച്ച്, പദ്ധതി 40 വര്‍ഷ കരാര്‍ കാലയളവില്‍ (36 വര്‍ഷ പ്രവര്‍ത്തന കാലയളവില്‍) ഏകദേശം 54750 കോടി രൂപ മൊത്ത വരുമാനം ഉണ്ടാക്കും, അതില്‍ ഏകദേശം 6300 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. എന്നാല്‍ 2028 ഡിസംബറോടെ ശേഷി വര്‍ധിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ മൊത്തവരുമാനം 54750 കോടി രൂപയില്‍ നിന്നും 215000 കോടി രൂപയായി വര്‍ദ്ധിക്കും. 36 വര്‍ഷത്തെ ഇതേ പ്രവര്‍ത്തന കാലയളവിനുള്ളില്‍ വരുമാന വിഹിതം 6300 കോടി രൂപയില്‍ നിന്നും 35000 കോടി രൂപയായി വര്‍ദ്ധിക്കും. ശേഷി വര്‍ദ്ധനവിലൂടെ ഉണ്ടാക്കുന്ന വരുമാനത്തിലെ അധികവര്‍ദ്ധന അധിക നികുതി ജിഎസ്ടി രൂപത്തില്‍ സംസ്ഥാനത്തിന് ലഭിക്കും. കരാര്‍ കാലയളവില്‍ ലഭിക്കുന്ന മൊത്തം ജിഎസ്ടി ഏകദേശം 29000 കോടി രൂപയാണ്. ഇത് കൂടാതെ കോര്‍പ്പറേറ്റ് പ്രത്യക്ഷ വരുമാന നികുതി വരവിലും വന്‍ വര്‍ദ്ധന ഉണ്ടാകും. മേല്‍ സൂചിപ്പിച്ചതു പോലെ പദ്ധതിയുടെ നേരത്തെയുള്ള ശേഷി വര്‍ദ്ധന മൂലം വരുമാന വിഹിത ഇനത്തിലും ജിഎസ്ടി ഇനത്തിലും ഏകദേശം 48000 കോടി രൂപ സര്‍ക്കാരിന് 36 വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ അധികമായി ലഭിക്കും.
വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കാവശ്യമായ 8867 കോടി രൂപയിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ വിജിഎഫ് വിഹിതം, സംസ്ഥാനം പണം ചെലവഴിക്കുന്ന പുലിമുട്ട് നിർമ്മാണം, ഭൂമി ഏറ്റെടുക്കൽ, റെയിൽ കണക്ടിവിറ്റി, ജീവനോപാധി നഷ്ടപരിഹാരം തുടങ്ങിയ ഘടകങ്ങൾക്കായിട്ടാണ് ഈ 5,595 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാർ വഹിക്കേണ്ട 5,595 കോടി രൂപയിൽ നാളിതുവരെ സംസ്ഥാനം ലഭ്യമാക്കിയ 2,159.39 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. അദാനിയുടെ വിഹിതം 2454 കോടിയും കേന്ദ്രസർക്കാരിന്റേത് 817.8 0 കോടിയുമാണ്. കേന്ദ്ര വിഹിതം ഇതുവരെ ലഭ്യമായിട്ടില്ല.