സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ‘ഉണര്‍വ് 2024’ എന്ന പേരില്‍ ഡിസംബര്‍ മൂന്നിന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച ‘സമഗ്രവും സുസ്ഥിരവുമായ ഭാവിയ്ക്കായി ഭിന്നശേഷിയുള്ളവരുടെ നേതൃത്വം വര്‍ദ്ധിപ്പിയ്ക്കുക’ എന്ന പ്രമേയവുമായാണ് ഇക്കുറി അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം.
സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങളുടെ സമര്‍പ്പണം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠനത്തില്‍ സഹായിക്കുന്ന ഏറ്റവും മികച്ച എന്‍എസ്എസ് / എന്‍സിസി / എസ്പിസി യൂണിറ്റുകള്‍ക്കുള്ള സഹചാരി പുരസ്‌കാരം സമ്മാനിക്കല്‍, ഭിന്നശേഷിക്കാര്‍ നേതൃത്വം നല്‍കുന്ന വിവിധ കലാവതരണങ്ങള്‍ എന്നിവയോടെയാണ് ‘ഉണര്‍വ് 2024’ കൊണ്ടാടുക. തൃശ്ശൂര്‍ വി കെ എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10.00 മണിക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു ‘ഉണര്‍വ് 2024’ ഉദ്ഘാടനവും പുരസ്‌കാരങ്ങളുടെ സമര്‍പ്പണവും നിര്‍വ്വഹിക്കും. റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പു മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. പി ബാലചന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥി ആയിരിക്കും. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ്, ജില്ലയിലെ എംഎല്‍എമാരായ എ സി മൊയ്തീന്‍, മുരളി പെരുനെല്ലി, ഇ ടി ടൈസണ്‍ മാസ്റ്റര്‍, വി ആര്‍ സുനില്‍ കുമാര്‍, കെ കെ രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, എം കെ അക്ബര്‍, സി സി മുകുന്ദന്‍, സനീഷ് കുമാര്‍ ജോസഫ്, ചേലക്കരയുടെ നിയുക്ത എംഎല്‍എ യു ആര്‍ പ്രദീപ്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
കലാപ്രതിഭയും ഉജ്ജ്വലബാല്യ പുരസ്‌കാര ജേതാവുമായ മുഹമ്മദ് യാസീന്‍ ചടങ്ങില്‍ പ്രചോദനാത്മക പ്രഭാഷണം നിര്‍വ്വഹിക്കും. സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് നവാഗത സംവിധായകനായുയര്‍ന്ന രാകേഷ് കൃഷ്ണന്‍ കൂരമ്പാല അതിഥിയായെത്തും. മുഹമ്മദ് യാസീന്‍ കീബോര്‍ഡില്‍ ഒരുക്കുന്ന സംഗീതവിരുന്നും, സംസ്ഥാനത്തെ ഭിന്നശേഷി കലാപ്രതിഭകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി രൂപം നല്‍കിയ ‘റിഥം’ ഓര്‍ക്കസ്ട്രയുടെ കലാവിരുന്നും, ഭിന്നശേഷിക്ഷേമ സ്ഥാപനങ്ങളില്‍ നിന്നുള്ള കുട്ടികളുടെ കലാവതരണങ്ങളും ‘ഉണര്‍വ്വ് 2024’ലെ മുഖ്യ ആകര്‍ഷണങ്ങളാകും. ജനപ്രതിനിധികളും സംസ്ഥാനത്തെ ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളും വ്യക്തികളും ഭിന്നശേഷി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളും ‘ഉണര്‍വ്വി’ല്‍ ഭാഗഭാക്കാകും. തൃശൂര്‍ ജില്ലയില്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകളില്‍ ഉന്നതജയം നേടിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘വിജയാമൃതം’ പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിക്കും. ഇരുപത് വിഭാഗങ്ങളിലായി 31 പേര്‍ക്കാണ് ഇക്കുറി സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്:
മുജീബ് റഹ്‌മാന്‍. എ (സര്‍ക്കാര്‍/പൊതുമേഖലയിലെകേള്‍വിപരിമിതിയുള്ള മികച്ച ജീവനക്കാരന്‍)
(മലപ്പുറം വേങ്ങര ജി.വി.എച്ച്.എസ് സ്‌കൂളില്‍ ലാബ് അസിസ്റ്റന്റ്. കേള്‍വിപരിമിതി മറികടന്ന് എല്ലാ വിധ പാഠ്യ-പാഠ്യേതര പരിപാടികളും സജീവ പങ്കാളി. സ്‌ക്കൂളിലെ കംപ്യൂട്ടര്‍ലാബില്‍ പ്രാക്ടിക്കലുകളില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടറെയും വിദ്യാര്‍ത്ഥികളെയും സഹായിക്കുകയും ലാബില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു. കേള്‍വിഭിന്നശേഷിക്കാരായ മലപ്പുറം കായികതാരങ്ങളെ ജില്ല-സംസ്ഥാന-ദേശീയ കായികമേളകളില്‍ പങ്കെടുപ്പിക്കുന്നതില്‍ നേതൃപങ്ക് വഹിക്കുന്നു)
കൊച്ചുനാരായണി കെ എസ്
(സര്‍ക്കാര്‍/പൊതുമേഖലയിലെ ചലനപരിമിതിയുള്ള മികച്ച ജീവനക്കാരി)
(മങ്കര ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി. അറുപത്തഞ്ചു ശതമാനം ലോക്കോ മോട്ടോര്‍ ഭിന്നശേഷി. രണ്ടാംവയസ്സില്‍ പോളിയോ ബാധിച്ച് വലതുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു. പറളി, മങ്കര ഗ്രാമപഞ്ചായത്തുകളില്‍ നൂറുശതമാനം നികുതിപിരിവ് സാക്ഷാത്കരിച്ചതിന് അംഗീകാരം നേടി. മങ്കരയെ പാലക്കാട് ജില്ലയിലെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷനുള്ള ആദ്യ ഗ്രാമ പഞ്ചായത്താക്കുന്നതിലും രാജ്യത്തെ ആദ്യ എയ്ഡ്സ് സാക്ഷരത പഞ്ചായത്താക്കുന്നതിലും പ്രധാന പങ്ക്. മങ്കരപഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി തെറാപ്പി സെന്റര്‍, പകല്‍വീട് എന്നിവ നിര്‍മ്മിക്കുന്നതിനും തുടക്കം കുറിച്ചു)
ഡോ. നിധീഷ്. കെ.പി (സര്‍ക്കാര്‍/പൊതുമേഖലയിലെ ചലനപരിമിതിയുള്ള മികച്ച ജീവനക്കാരന്‍)
(കണ്ണൂര്‍ സ്വദേശി. നാല്‍പ്പത് ശതമാനം അസ്ഥിവൈകല്യം ഉണ്ട്. കൃഷ്ണമേനോന്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. ജില്ലയിലെ ഭിന്നശേഷി വ്യക്തികളില്‍ ആത്മവിശ്വാസവും പ്രചോദനവും പകരുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു. കോളേജില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍)
പ്രൊഫ. ഡോ. ബീന കൃഷ്ണന്‍ എസ്.കെ
(സര്‍ക്കാര്‍/പൊതുമേഖലയിലെ കാഴ്ചപരിമിതിയുള്ള മികച്ച ജീവനക്കാരി)
(തിരുവനന്തപുരം സ്വദേശിനി. നൂറു ശതമാനം കാഴ്ചപരിമിതി. നെടുമങ്ങാട് കെവിഎസ്എം ഗവ. കോളേജില്‍ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. നാലുവര്‍ഷ ഡിഗ്രി കോഴ്സിന്റെ ഭാഗമായ സിലബസ് രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചു. കാഴ്ചപരിമിതരായ വനിതകളില്‍ കേരളത്തിലെ ആദ്യ റിസര്‍ച്ച്‌ഗൈഡ്. കമുകറ ഫൗണ്ടേഷന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം അഞ്ചുതവണ)
സന്തോഷ് മേനോന്‍ (സ്വകാര്യമേഖലയിലെ ബൗദ്ധിക വെല്ലുവിളിയുള്ള മികച്ച ജീവനക്കാരന്‍)
(പാലക്കാട് ജില്ലക്കാരന്‍. 65% ഇന്റെലക്ച്വല്‍ ഡിസബിലിറ്റി. 2020-ല്‍ പ്രതീക്ഷാ സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ മെന്റലി റീടാര്‍ഡെഡില്‍ നിന്നും സ്‌ക്രൈബിന്റെ സഹായത്തോടെ 10, +2 പരീക്ഷകള്‍ വിജയിച്ച ശേഷം അതേ സ്ഥാപനത്തില്‍ ഫോട്ടോഗ്രഫര്‍ ആയും വെഹിക്കിള്‍ അറ്റന്റര്‍ ആയും ജോലിചെയ്യുന്നു. ഫോട്ടോഗ്രഫിയിലും കംപ്യൂട്ടറിലും വൈദഗ്ധ്യം. സ്ഥാപനത്തിലെ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി ജോലികള്‍ മുഴുവന്‍ സ്വയം നിറവേറ്റുന്നു. കാര്‍ഷിക കോഴ്സ് പൂര്‍ത്തിയാക്കി സ്ഥാപനത്തിലെ കുട്ടികളെ കൃഷിയിലേക്കും പ്രചോദിപ്പിക്കുന്നു)
മുഹമ്മദ് ജാബിര്‍. പി (സ്വകാര്യമേഖലയിലെ ചലനപരിമിതിയുള്ള മികച്ച ജീവനക്കാരന്‍)
(ജന്മനാ മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി ബാധിതന്‍. ബികോം ബിരുദധാരി. കൊച്ചിയില്‍ Fragomen Immigration Service India Private Limited Infopark സ്ഥാപനത്തില്‍ സീനിയര്‍ പ്രൊസസ് അസിസ്റ്റന്റ്. എസ്.എം.എ ബാധിതരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോഫി (മൈന്‍ഡ്) ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് അംഗം. എസ്.എം.എ ബാധിച്ച 92 പേര്‍ക്ക് ജോലി കണ്ടെത്തി നല്‍കി. എസ്.എം.എ ബാധിതര്‍ക്ക് കരകൗശല നിര്‍മ്മാണത്തിലും ഐ.ടി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനിങ് എന്നിവയിലും പരിശീലനം നല്‍കുന്നതില്‍ വ്യാപൃതന്‍)
ശാരിക എ.കെ (ഭിന്നശേഷി മേഖലയിലെ മികച്ച മാതൃകാവ്യക്തി)
(കോഴിക്കോട് സ്വദേശിനി. സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ എത്തിയ ആദ്യ മലയാളി. ബി.എ ഇംഗ്ലീഷ് ബിരുദധാരി. 2023 ലെ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷ ഉയര്‍ന്ന റാങ്കോടെ പാസായി. കൈരളി ടിവിയുടെ ഫീനിക്‌സ് അവാര്‍ഡ് ജേതാവ്.)
സൂരജ് പി.എ
(ഭിന്നശേഷി മേഖലയിലെ മികച്ച മാതൃകാവ്യക്തി)
(കൊടുങ്ങല്ലൂര്‍ പനങ്ങാട്ട് സ്വദേശി. ലോക്കോമോട്ടോര്‍ ഡിസബിലിറ്റി ഉണ്ട്. ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍പരിശീലനങ്ങള്‍ ഒരുക്കുന്നതില്‍ ബദ്ധശ്രദ്ധന്‍. തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളിലായും അയ്യായിരത്തിലധികം ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കി ശാക്തീകരിച്ചു. നിര്‍മ്മാണമേഖലയിലെ ഭിന്നശേഷിക്കാര്‍ക്കായി വിവിധ സൊസൈറ്റികള്‍ രൂപീകരിച്ച് അവര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വെബ് സൈറ്റ് രൂപീകരിച്ചു. 2021ല്‍ ഡല്‍ഹി മുതല്‍ ഹിമാചല്‍പ്രദേശ് വരെ സ്പൈനല്‍ ഇഞ്ചുറി ബാധിച്ച സൂരജ് ഡ്രൈവിംഗ് പൂര്‍ത്തിയാക്കി ഭിന്നശേഷിക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. ആ വര്‍ഷം തന്നെ ഡല്‍ഹിയില്‍നിന്ന് കാര്‍ഗിലിലേക്ക് ദുഷ്‌കരമായ പാതകളിലൂടെ യാത്രയും പൂര്‍ത്തിയാക്കി)
ആന്‍ മൂക്കന്‍
(മികച്ച സര്‍ഗ്ഗാത്മക കഴിവുള്ള കുട്ടി)
(തൃശൂര്‍ നിവാസി. പതിനാലുകാരി. ഏഴുമത് ശതമാനം ഡൌണ്‍ സിന്‍ഡ്രോം. SCERT- സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ലാ യോഗ മല്‍സരത്തില്‍ ഒളിമ്പ്യാഡിലേക്ക് പൊതുവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2022-ലെ ജില്ല സ്‌പോട്‌സ് യോഗ ചാമ്പ്യന്‍ഷിപ്പ്, ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ്, നാഷണല്‍ യോഗ ഒളിമ്പ്യാഡ്, സംസ്ഥാന യോഗ ഒളിമ്പ്യാഡ്-2023, അന്താരാഷ്ട്ര യോഗാസനമല്‍സരം-2023 എന്നിവയിലും പ്രതിഭ)
വചസ് രതീഷ്
(മികച്ച സര്‍ഗ്ഗാത്മക കഴിവുള്ള കുട്ടി)
(കണ്ണൂര്‍ അഴീക്കോട് ചാല്‍ സ്വദേശി. 80% അസ്ഥിവൈകല്യം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി. അഭിനയവും സംഗീതവും ചിത്രരചനയും ഇഷ്ടവിഷയങ്ങള്‍. ഐഡിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ബാലതാരമായി ആദരിക്കപ്പെട്ടു. കിഡ്ആക്ടര്‍ ജൂറി അവാര്‍ഡ് (2023), മാക്‌ഫ്രെയിം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഇന്ത്യയുടെ ഉജ്ജ്വലബാല്യം അവാര്‍ഡ് (2022), ദേശീയചിത്രരചനാ മത്സരത്തില്‍ ഒന്നാംസ്ഥാനം (2022) എന്നിവ നേടി)
അനു. ബി
(മികച്ച കായികതാരം)
(തിരുവനന്തപുരം സ്വദേശി. 45% Intellectual Disability. 2024ല്‍ ഹരിയാനയിലെ താവ്‌ദേവി സ്റ്റേഡിയത്തില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്സ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി ഇരട്ട സ്വര്‍ണ്ണമെഡല്‍. സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ സംസ്ഥാന സൈക്ലിംഗ് മത്സരത്തിലും ഒന്നാംസമ്മാനം)
മുഹമ്മദ് ആസിം. പി
(മികച്ച കായികതാരം)
(കോഴിക്കോട് നിവാസി. 90 ശതമാനം ചലനപരിമിതി. വെളിമണ്ണ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളിനെ അപ്പര്‍പ്രൈമറി ആക്കുവാനുള്ള നിയമപരമായ പോരാട്ടം നയിച്ചു. 2021ല്‍ കിഡ്‌സ്‌റൈറ്റ്‌സ് ഫൗണ്ടേഷന്റെ അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് പീസ് പ്രൈസില്‍ ഫൈനലിസ്റ്റായി. കേരള സംസ്ഥാന പാരാലിംപിക്‌സില്‍ ലോങ്ങ്ജമ്പ് സ്വര്‍ണ്ണമെഡല്‍. നീന്തലറിയാത്തതിനാല്‍ ആരും മുങ്ങിമരിക്കരുതെന്ന സന്ദേശം പകര്‍ന്നുകൊണ്ട് നിറഞ്ഞൊഴുകുന്ന പെരിയാര്‍ ഒരുമണിക്കൂര്‍ ഒരു മിനിറ്റില്‍ നീന്തിക്കയറി ഏഷ്യന്‍ ബുക്ക് ഓഫ്‌റെക്കോര്‍ഡിലും (2022) ഇന്‍ഡ്യന്‍ ബുക്ക് ഓഫ്‌റെക്കോര്‍ഡിലും (2022), വേള്‍ഡ്‌റെക്കോര്‍ഡ്‌സ് യൂണിയനിലും (2022) ഇടംനേടി. കേരള ഗവണ്‍മെന്റിന്റെ ഉജ്ജ്വലബാല്യം പുരസ്‌ക്കാരം (2017), യൂണിസെഫിന്റെ ചൈല്‍ഡ്അച്ചീവര്‍ അവാര്‍ഡ് (2014), ബാംഗ്ലൂര്‍ ആസ്ഥാനമായിട്ടുള്ള കലാം ഫൗണ്ടേഷന്‍ ഇന്‍സ്‌പൈറിങ് ഇന്ത്യന്‍അവാര്‍ഡ് (2018) തുടങ്ങിയവയും കരസ്ഥമാക്കി)
സജി തോമസ്
(ദേശീയ/അന്തര്‍ദേശീയ നേട്ടങ്ങള്‍ക്ക് അര്‍ഹത നേടിയ പ്രതിഭ)
(ഇടുക്കി ജില്ലക്കാരന്‍. ഏഴാം ക്ലാസ് വരെ പഠനം. 94% Bilateral profound hearing loss ഉള്ള വ്യക്തി. സ്വന്തമായി വിമാനം നിര്‍മ്മിച്ച് പറപ്പിക്കുക എന്ന ആഗ്രഹം സാക്ഷാത്കരിച്ചു. മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ് സ്വന്തമായി നിര്‍മ്മിച്ച രാജ്യത്തെ ഭിന്നശേഷിയുള്ള ആദ്യത്തെ വ്യക്തി എന്ന ഖ്യാതി. ഇന്ത്യ ബുക്ക്‌സ് ഓഫ്‌റെക്കോര്‍ഡ്സ് 2014 അംഗീകാരം, നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ രജിസ്റ്റര്‍ (National Register of Grassroot Technological innovations traditional knowledge/ideas) എന്നിവയില്‍ ഇടംനേടി (2011). നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ (2015) അംഗീകാരം ലഭിച്ചു)
റോബിന്‍ ടോമി
(ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാകുന്ന മികച്ച സംരംഭങ്ങള്‍/ഗവേഷണങ്ങള്‍ക്ക്)
(എറണാകുളം ജില്ലക്കാരന്‍. എറണാകുളം അതിരൂപതയിലെ ഭിന്നശേഷി വ്യക്തികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ ഇന്‍ക്ലൂസിവ് ന്യൂറോ ഓര്‍ഗ് വഴി എറണാകുളം ജില്ലയെ പ്രധാനമായും കേന്ദ്രീകരിക്കുന്നു. ഒപ്പം പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലേക്കും സേവനം ലഭ്യമാക്കുന്നു. പതിനെട്ട് വയസ്സിന് മുകളിലുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും വ്യക്തികള്‍ക്കും വോക്കഷണല്‍ ട്രെയിനിങ് സെന്റര്‍ മുഖേന അപേക്ഷകന്റെ സേവനമേഖല ലഭ്യമാക്കുന്നു. KDISC, KMTC എന്നീ സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകളിലും ഭിന്നശേഷിയുള്ള വ്യക്തികളുടെ നൈപുണ്യ വികസനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഭിന്നശേഷി വ്യക്തികളുടെ ഉന്നമനത്തിനായി കമ്പ്യൂട്ടര്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ റിസര്‍ച്ച് ചെയ്യുന്നു. കൂടാതെ ഇത്തരം ഗവേഷണങ്ങളുടെ rapid ലാബിന്റെ തലവനായും പ്രവര്‍ത്തിക്കുന്നു. ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ ഉപയോഗിച്ച് പഠിച്ചവര്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ മൂന്നുപേരും ഫെഡറല്‍ ബാങ്കിന്റെ ഫെഡ് സര്‍വീസില്‍ രണ്ടുപേരും ജോലി ചെയ്യുന്നു. 40% മുതല്‍ 70% വരെ ഭിന്നശേഷിയുള്ള യാത്ര ചെയ്യാന്‍ കഴിയാത്തവരെ, നൈപുണ്യ വികസനത്തിലൂടെ ശാക്തീകരിച്ച്, ജോലിചെയ്ത് വരുമാനമുള്ളവരാക്കി സ്വയം പര്യാപ്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു)
പൂജ രമേഷ്
(ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള പ്രത്യേക പരാമര്‍ശം)
(തൃശൂര്‍ സ്വദേശിനി. 60% ഓട്ടിസം ബാധിച്ച വ്യക്തി. ഓട്ടിസം പരിമിതിയെ ശാസ്ത്രീയമായ പരിശീലനം വഴി അതിജീവിച്ചു. കര്‍ണാടക സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടി ആത്മ വിശ്വാസത്തോടെ കര്‍ണാടക സംഗീത കച്ചേരി നടത്തി. വിവിധ വേദികളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പൂജയുടെ ജീവിത കഥയും ജൈത്രയാത്രയും നിരവധി ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)
കെ.വി.എം ട്രസ്റ്റ് ചേര്‍ത്തല, ആലപ്പുഴ
(സ്വകാര്യമേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കിയ മികച്ച തൊഴില്‍ദാതാവ്)
(ദേശീയ ട്രസ്റ്റ് ആക്ട് പ്രകാരം കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനുള്ള പുരസ്‌കാരം. ട്രസ്റ്റിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ എല്ലാം ഇന്റലക്ച്വല്‍ ഡിസബിലിറ്റി ഉള്ളവര്‍ക്കും കേള്‍വിശക്തി ഇല്ലാത്തവര്‍ക്കും സംസാരപരിമിതി ഉള്ളവര്‍ക്കും ജോലി നല്‍കി. ആകെ 179 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ 17 ഭിന്നശേഷിക്കാര്‍ക്ക് ഇങ്ങനെ തൊഴില്‍ നല്‍കി)
ഷാലിമാര്‍ സ്റ്റോഴ്‌സ്, തളിപ്പറമ്പ്
(സ്വകാര്യമേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കിയ മികച്ച തൊഴില്‍ദാതാവ്)
(വര്‍ഷങ്ങളായി ഭിന്നശേഷിക്കാരെ ചേര്‍ത്തുനിര്‍ത്തി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ സ്ഥാപനം. അവര്‍ക്ക് വിവിധങ്ങളായ സഹായങ്ങളും നല്‍കിവരുന്നു. ആകെയുള്ള 48 ജീവനക്കാരില്‍ 12 പേരും ഭിന്നശേഷിക്കാര്‍. ഇവര്‍ക്കായി മാത്രം നടത്തുന്ന വിനോദസഞ്ചാര പരിപാടികളടക്കമുള്ള സംരംഭങ്ങള്‍ ശ്രദ്ധേയം)
എമ്മാവൂസ് വില്ല റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ മെന്റലി റിട്ടാര്‍ഡഡ്, വയനാട്
(ഭിന്നശേഷി മേഖലയിലെ മികച്ച സര്‍ക്കാര്‍ ഇതര സ്ഥാപനം)
(മാനന്തവാടി താലൂക്കില്‍ സ്ഥിതിചെയ്യുന്നു. പാഠ്യ-പാഠ്യേതരവിഷയങ്ങളില്‍ മാനസികവെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നു. 43 വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തനം. പ്രത്യേക പരിശീലനം നേടിയ അധ്യാപകരും അനധ്യാപകരും ഹൈ-ടെക്ക് ക്ലാസ് റൂമുകളും പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികച്ച പരിശീലനവും സവിശേഷത. മാനസികവൈകല്യമുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഭിനന്ദനാര്‍ഹമായ സഹായഹസ്തം ഒരുക്കുന്ന സ്ഥാപനം)
തണല്‍ കരുണ സ്‌കൂള്‍ ഫോര്‍ ഡിഫറന്റലി ഏബിള്‍ഡ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കോഴിക്കോട്
(ഭിന്നശേഷി മേഖലയിലെ മികച്ച സര്‍ക്കാര്‍ ഇതര സ്ഥാപനം)
(കോഴിക്കോട് ജില്ലയില്‍ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി വിവിധ ട്രെയിനിംഗ് മൊഡ്യൂളുകള്‍ ഡ്യൂളുകള്‍ നിര്‍മ്മിച്ചു നല്കുന്ന സ്ഥാപനം. ഹൗസ്‌കീപ്പിംഗ്, പാക്കിംഗ്‌ജോബ്, ഗോസ്‌മേക്കിങ്, വെന്‍ഡിങ്‌മെഷീന്‍ ഓപ്പറേറ്റര്‍, ഓട്ടോ വാഷ് ബില്ലിംഗ് സ്റ്റാഫ്, ലിഫ്റ്റ്ഓപ്പറേറ്റര്‍, ഗാര്‍ഡനര്‍, ഓഫീസ് അസിസ്റ്റന്റ് എന്നീ ട്രെയിനിംഗ് മൊഡ്യൂളുകള്‍ വികസിപ്പിച്ചു. ഭിന്നശേഷിക്കാര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലും സഹായിക്കുന്നു. വിവിധ തെറാപ്പികളും ലഭ്യമാക്കുന്നു. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം സോഫ്റ്റ് സ്‌കില്ലുകള്‍ വികസിപ്പിക്കുന്ന പരിശീലന പരിപാടികളും നയിക്കുന്നു)
കേരള റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ഫിസിക്കലി അഫ്ക്റ്റഡ്, എറണാകുളം (KRIPA)
(ഭിന്നശേഷി മേഖലയിലെ മികച്ച സര്‍ക്കാര്‍ ഇതര സ്ഥാപനം)
(ചുണങ്ങംവേലിയില്‍ 43 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പുനരധിവാസകേന്ദ്രം, സ്‌പെഷ്യല്‍ സ്‌കൂള്‍, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, ഡേകെയര്‍ തുടങ്ങിയവ അടങ്ങുന്ന സ്ഥാപനം. ഒക്യുപേഷണല്‍ തെറാപ്പി, ഫിസിയോതെറാപ്പി, സ്പീച്ച്‌തെറാപ്പി, വൊക്കേഷണല്‍ ട്രെയിനിങ്, ക്ലിനിക്കല്‍ സൈക്കോളജി, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നീ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം. കുടനിര്‍മ്മാണം, ബുക്ക് ബൈന്‍ഡിങ് തുടങ്ങിയ വൊക്കേഷണല്‍ കോഴ്‌സുകളും സാമൂഹ്യനീതി വകുപ്പിനു കീഴില്‍ നടപ്പാക്കുന്നു. പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൃപയിലും മറ്റു സ്ഥാപനങ്ങളിലുമായി ജോലികള്‍ നല്‍കുന്നതിലും ശ്രദ്ധിക്കുന്നു)
എന്നിവര്‍ക്കാണ് ഭിന്നശേഷി പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലാ പഞ്ചായത്ത്, മികച്ച ജില്ലാ ഭരണകൂടമായി തിരഞ്ഞെടുക്കപ്പെട്ട കാസര്‍ഗോഡ് ജില്ലാ ഭരണകൂടം, മികച്ച നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം നഗരസഭ, മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട നിലമ്പൂര്‍ മുനിസിപ്പാലിറ്റി, മികച്ച ബ്ലോക്ക് പഞ്ചായത്തുകളായി തിരഞ്ഞെടുക്കപ്പെട്ട പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്, മതിലകം ബ്ലോക്ക് പഞ്ചായത്ത്, മികച്ച ഗ്രാമ പഞ്ചായത്തുകളായി തിരഞ്ഞെടുക്കപ്പെട്ട കതിരൂര്‍, കാമാക്ഷി ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയ്ക്കുള്ള പുരസ്‌കാര സമര്‍പ്പണവും ചടങ്ങില്‍ നടക്കും.
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പുനരധിവാസ കേന്ദ്രത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹമായ പ്രതീക്ഷ ഭവന്‍ കോഴിക്കോട്, സര്‍ക്കാര്‍ മേഖലയിലെ മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനമായ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മാവേലിക്കര, സ്വകാര്യ മേഖലയിലെ മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനമായി തിരഞ്ഞെടുത്ത സെന്റ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുട എന്നിവര്‍ക്കും മന്ത്രി ഡോ. ആര്‍ ബിന്ദു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.