സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ നടന്നു വരുന്ന ‘നയി ചേതന’ 3.0 ക്യാമ്പയിൻ സമാപനത്തിന് മുന്നോടിയായി ഹോട്ടൽ ഗ്രാൻഡ് ചൈത്രത്തിൽ ഡിസംബർ 20ന് മാധ്യമ ശില്പശാല സംഘടിപ്പിക്കും. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ശില്പശാല. ദൃശ്യ അച്ചടി ശ്രവ്യ ഓൺലൈൻ മാധ്യമ പ്രതിനിധികൾ, നിയമവിദഗ്ധർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുക്കും.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ നവംബർ 25 മുതൽ ഡിസംബർ 23 വരെ ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന ദേശീയ ക്യാമ്പയിനാണ് ‘നയി ചേതന’. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ നടത്തിയ വിവിധ പ്രവർത്തനങ്ങൾ, സ്ത്രീശാക്തീകരണ മേഖലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പുതിയ പദ്ധതി പ്രവർത്തനങ്ങൾ എന്നിവ ശിൽപശാലയിൽ വിശദീകരിക്കും. ഡിസംബർ 23 ന് കുടുംബശ്രീയുടെ കീഴിലുള്ള 1,070 സി.ഡി.എസുകളിലും ജെൻഡർ കാർണിവൽ സംഘടിപ്പിച്ചു കൊണ്ടായിരിക്കും ക്യാമ്പയിൻ സമാപനം