പുതിയ പാർലമെന്‍റ് മന്ദിരത്തിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി ജിതേന്ദ്രയാണ് (26) മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഡല്‍ഹിയിലെ ആർഎംഎല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നാട്ടില്‍നിന്നു ബുധനാഴ്ച രാവിലെ പെട്രോളുമായി ഡല്‍ഹിയിലെത്തിയ ജിതേന്ദ്ര പാർലമെന്‍റ് മന്ദിരത്തിലേക്ക് വന്നുവെന്നാണ് വിവരം. വൈകിട്ട് മൂന്നരയ്ക്കാണ് പാർലമെന്‍റ് മന്ദിരത്തിനു മുന്നിലെ റോഡില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി പാർലമെന്‍റിന് മുന്നിലേക്ക്ഓ ടിവരികയായിരുന്നു. പാർലമെന്‍റിന് സമീപമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ അണച്ചശേഷം ആശുപത്രിയിലെത്തിച്ചു. ഉത്തർപ്രദേശ് പോലീസ് തനിക്കെതിരേ രജിസ്റ്റർ കേസുകളില്‍ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ഇയാള്‍ നല്‍കിയ മരണമൊഴി. 2021ല്‍ ബാഗ്പത്തില്‍ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളില്‍ ജിതേന്ദ്ര പ്രതിയാണെന്നു ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു.