കരുതലും കൈത്താങ്ങും: പാലക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്തിന് തുടക്കമായി.ഭൂമി തരംമാറ്റലിനായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി.’കരുതലും കൈത്താങ്ങും ‘ പാലക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്തിന് തുടക്കമായി. നിയമങ്ങൾ മറികടന്ന് പരിഹരിക്കാൻ സാധ്യമല്ലെങ്കിലും ലഭിച്ച പരാതികൾ നിയമത്തിനകത്ത് നിന്നുകൊണ്ട് തന്നെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് മുഹമ്മദ് ബാഗ് ഈവൻ്റ് സെൻ്ററിൽ നടന്ന അദാലത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
മുൻക്കൂട്ടി ഓൺലൈനായി ലഭിച്ച പരാതികൾ അദാലത്ത് ദിനത്തിൽ തന്നെ പരിഹരിക്കും. തത്സമയം ലഭിച്ച പരാതികൾ പരിശോധിച്ച് പരമാവധി സമയബന്ധിതമായി തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ഭൂമി തരംമാറ്റൽ കരുതലും കൈത്താങ്ങിൽ പരിഗണിക്കുന്ന വിഷയമല്ലെങ്കിലും നിരവധി പേർ ഇതു സംബന്ധിച്ച പരാതികളുമായി വരുന്നത് പരിഗണിച്ച് ഇതിനായി പ്രത്യേക അദാലത്ത് ഉടനെ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയും പരാതി പരിഹാരത്തിന് നേതൃത്വം നൽകി.
മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ.പ്രമീളാ ശശിധരൻ,എം.എൽ.എമാരായ കെ.ശാന്തകുമാരി, എ. പ്രഭാകരൻ, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര, എ.ഡി.എം കെ.മണികണ്ഠൻ,ആർ.ഡി.ഒ എസ്.ശ്രീജിത്ത്,ഡെപ്യൂട്ടി കളക്ടർ സച്ചിൻ കൃഷ്ണ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.