പാൻ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്ന രീതിയിൽ സന്ദേശങ്ങൾ വരുന്നതായി റിപ്പോർട്ട്. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐ.പി.പി.ബി) അക്കൗണ്ട് ഉടമകൾക്കാണ് ഇത്തരത്തിൽ സന്ദേശങ്ങൾ എത്തുന്നത്. വെബ്സൈറ്റ് ലിങ്കുകളോട് കൂടിയ മെസ്സേജ് ആണ് അക്കൗണ്ട് ഉടമകളുടെ മൊബൈലിലേക്ക് എത്തുന്നത്. എന്നാൽ പാൻകാർഡുമായി ബന്ധപ്പെട്ട ഒരു സന്ദേശങ്ങളും അയച്ചിട്ടില്ലെന്നും , വിവരങ്ങൾ ആരുമായും കൈമാറാൻ പാടില്ലെന്നും ഇന്ത്യ പോസ്റ്റ് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും (PIB ) അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരം X പോസ്റ്റിലൂടെയാണ് ബാങ്ക് അധികൃതർ പുറത്തുവിട്ടത്.”പാൻ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ IPPB അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുമെന്ന അവകാശവാദം തെറ്റാണ്. ഇന്ത്യ പോസ്റ്റ് ഒരിക്കലും അത്തരം സന്ദേശങ്ങൾ അയയ്ക്കില്ല.”PIB കുറിച്ചു.