നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയേക്കും.ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ബോബി ചെമ്മണൂര്‍ ജയിലില്‍ മോചിതനായിരുന്നില്ല. ജാമ്യ ഉത്തരവുമായി അഭിഭാഷകര്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയെങ്കിലും ബോബി സഹകരിക്കാന്‍ തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജയിലില്‍ത്തുടരുകയാണെന്ന് ഇന്നലെ അഭിഭാഷകരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍ മടങ്ങുകയായിരുന്നു. കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ബോബിയുടെ നാടകമാണിതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇന്നും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ജയില്‍മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ജയില്‍ അധികൃതരുടെ തീരുമാനം.
ബോബി ചെമ്മണൂരിന്റെ നടപടി പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും. ഇന്നലെ രാവിലെ ബോബിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി, വൈകീട്ട് ജാമ്യ ഉത്തരവ് പുറത്തിറക്കിയിരുന്നു. നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ഈ മാസം 9 നാണ് കോടതി ബോബിയെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലില്‍ അടച്ചത്.
ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് ഇറങ്ങാൻ വൈകിയതിന് വിശദീകരണം തേടി ഹൈക്കോടതി
ബോബിയുടെ അഭിഭാഷകരോട് ഇന്ന് കോടതിയിൽ ഹാജരാകാൻ ഹൈകോടതി നിർദ്ദേശിച്ചു.
ബോബി ചെമ്മണ്ണൂർ ജാമ്യ ഉത്തരവ് കൈമാറി എങ്കിലും ഉത്തരവ് ഇന്നലെ രാത്രി എത്തിക്കാൻ വൈകിയത് ഗതാഗത കുരുക്ക് മൂലമെന്ന് അഭിഭാഷകൻ്റെ വിശദീകരണം.