കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) യുടെ കൊച്ചി യൂണിറ്റിൻ്റെ പ്രവർത്തനം കേന്ദ്ര ധന മന്ത്രാലയത്തിൻ്റെ നിരീക്ഷണത്തിലാക്കി. ഇഡി രജിസ്റ്റർ ചെയ്ത കേസ് ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെടുന്നതായി കൊച്ചി യൂണിറ്റിലെ ചില ഉദ്യോഗസ്ഥരെ കുറിച്ചു തുടർച്ചയായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നറിയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം(പിഎംഎല്‍എ) രജിസ്റ്റർ ചെയ്ത കേസ് ഒതുക്കി തീർക്കാൻ ഇ.ഡി. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥൻ അടക്കമുള്ളവർ 2 കോടി രൂപ ആവശ്യപ്പെട്ടു സ്ഥിരമായി ഭീഷണിപ്പെടുത്തുന്നു എന്ന കൊല്ലം സ്വദേശി ജയിംസ് ജോർജിന്റെ പരാതിയില്‍ കേരള പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരുന്നു.
ഇ.ഡി ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തി പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ മോഹനൻ, കൂട്ടാളി ബിബിൻ, അനില്‍, റെയില്‍വേ ബോർഡ് അംഗമെന്നു പരിചയപ്പെടുത്തിയ രാഹുല്‍ എന്നിവർക്കെതിരെയാണ് സാമ്പത്തിക വഞ്ചനക്കുറ്റത്തിനും ഭീഷണിക്കും പൊലീസ് കേസില്‍ പ്രതി ചേർത്തിരിക്കുന്നത്. പരാതിക്കാരന് എതിരെ 2018ല്‍ റജിസ്റ്റർ ചെയ്ത പിഎംഎല്‍എ കേസിൻ്റെ പേരില്‍ 2024 ജനുവരി മുതലാണു പ്രതികള്‍ ജയിംസ് ജോർജിനെ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്.
കഴിഞ്ഞ മേയ് 29നു ഇ.ഡി. കൊച്ചി ഓഫിസില്‍ നേരിട്ടു ഹാജരാകാൻ കേസിലെ ഒന്നാം പ്രതി മോഹനൻ ആവശ്യപ്പെടുകയും മോഹനന്റെ സ്വകാര്യ ഫോണ്‍ നമ്ബർ നല്‍കിയ ശേഷം പുറത്ത് ഒറ്റയ്ക്കു കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.അടുത്ത ദിവസം ഫോണില്‍ വിളിച്ച് കേസ് കൈകാര്യം ചെയ്യുന്ന ‘മാഡത്തിന്’ 10 ലക്ഷം രൂപ ഉടനടി കൊടുക്കണമെന്ന് ഒന്നാം പ്രതി ആവശ്യപ്പെട്ടു.
പിന്നീട് ഓഗസ്റ്റ് 25 നു മുൻപ് 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പിഎംഎല്‍എ കേസില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നു ഭീഷണിപ്പെടുത്തി.28നു പ്രതികള്‍ പരാതിക്കാരന്റെ വീട്ടില്‍ നേരിട്ടെത്തിയും ഭീഷണിപ്പെടുത്തി. മോഹൻസാറിന്റെ’ നിർദേശപ്രകാരം നല്‍കേണ്ട തുക ഒരുകോടി അൻപതു ലക്ഷമായി കുറച്ചതായും അതില്‍ 25 ലക്ഷം ഉടനെ നല്‍കാനും നിർദേശിച്ചു.
മൂന്നു മാസത്തിനുള്ളില്‍ അടുത്ത 25 ലക്ഷം രൂപ കൈമാറണം. ശേഷിക്കുന്ന ഒരുകോടി രൂപ ആറു മാസത്തിനുള്ളില്‍ പിഎംഎല്‍എ കേസിലെ തുടർ നടപടികള്‍ അവസാനിപ്പിക്കുമ്ബോള്‍ നല്‍കണമെന്നും നിർദേശിച്ചു.
ഭീഷണിപ്പെടുത്തിയ വിബിൻ, അനില്‍, രാഹുല്‍ എന്നിവർ ഇ.ഡി. ഉദ്യോഗസ്ഥരല്ലെന്നു സംശയം തോന്നിയതിനെ തുടർന്നാണു ജയിംസ് ജോർജ് പൊലീസിനു പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തിയ കേരള പൊലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിനു പരാതിയില്‍ കഴമ്ബുള്ളതായി ബോധ്യപ്പെട്ടതോടെ വിവരം കേന്ദ്ര അന്വേഷണ ഏജൻസികള്‍ക്കു കൈമാറുകയായിരുന്നു.