ഗുരുതര വൈകല്യങ്ങളോടെ ജനിച്ച ആലപ്പുഴയിലെ കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ. വി.എച്ച് ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് വൈകുന്നേരം കുഞ്ഞിനെ സന്ദര്‍ശിച്ചത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിദഗ്ധരുടെ സംഘമെത്തിയത്. നിലവില്‍ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി സംഘം കുട്ടിയുടെ ആരോഗ്യവിവരം ച!ര്‍ച്ച ചെയ്തു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇന്ന് രാവിലെ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്റെ പിറവി. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല.
മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയാതിരുന്നത് ഡോക്ടര്‍മാര്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.