സിപിഐ അനുകൂല സംഘടന ജോയിന്‍റ് കൗണ്‍സിലിന്‍റെയും കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഭാഗികം.സർക്കാർ ഓഫീസുകളില്‍ പകുതിയില്‍ താഴെ ജീവനക്കാർ മാത്രമാണ് ഹാജരായത്. സെക്രട്ടറിയേറ്റില്‍ 70% ജീവനക്കാരെത്തി. കൊല്ലത്ത് ജോയിന്‍റ് കൗണ്‍സിലിന്‍റെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ആലപ്പുഴയിലും കോട്ടയത്തും സമരക്കാരും പൊലീസും തമ്മില്‍ വാക്കുതർക്കം ഉണ്ടായി.
പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ സ്കീം നടപ്പിലാക്കുക. ശമ്ബളപരിഷ്കരണം കാലതാമസം ഇല്ലാതെ നടപ്പിലാക്കുക. ഡിഎ കുടിശ്ശിക നല്‍കുക. ലീവ് സറണ്ടർ പുനസ്ഥാപിക്കുക. മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്. സെക്രട്ടറിയേറ്റിന്‍റെ ഗേറ്റിന് മുമ്ബില്‍ ജോയിന്‍റ് കൗണ്‍സില്‍ പ്രവർത്തകർ പ്രതിഷേധിച്ചു. ഇടതുപക്ഷ സർക്കാർ ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന് ജോയിന്‍റ് കൗണ്‍സില്‍ കുറ്റപ്പെടുത്തി.