വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’ മൂന്നാം ഘട്ടം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസങ്ങളിലായി 101 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. മതിയായ ലൈസൻസുകളോ കോസ്മെറ്റിക്സ് റൂൾസ് 2020 നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമിച്ച് വിതരണം നടത്തിയ 12 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. 59 സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കയച്ചു. ഇവയുടെ പരിശോധനാഫലം വരുന്നതനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.