ആദ്യമായി എംഎല്‍എ ആവുകയാണെങ്കിലും രാഷ്ട്രീയ പരിചയത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി രേഖ ഗുപ്ത. ആം ആദ്മി തലവന്‍ കെജ്‌രിവാളിനെ വീഴ്ത്തിയ പര്‍വേശ് ശര്‍മ, ഡല്‍ഹിയിലെ ബിജെപി ജനറല്‍ സെക്രട്ടറി ആശിഷ് സൂദ്, മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത തുടങ്ങി, പ്രമുഖ നിരയെ പരിഗണിക്കാതെയാണ് ഈ 50 കാരിക്ക് നേതൃത്വം അവസരം നല്‍കിയത്. ‘ പ്രവര്‍ത്തനമാണ് തന്റെ ഐഡന്റിറ്റി’ എന്ന് പ്രചാരണത്തിലുടനീളം ആവര്‍ത്തിച്ച രേഖ ഇനി തലസ്ഥാനത്തിന്റെ ഭരണ ചക്രം തിരിക്കും.1992ല്‍ എബിവിപിയിലൂടെയാണ് രേഖ രാഷ്ട്രീയ രംഗത്തേക്ക് ചുവട് വച്ചത്. ഡല്‍ഹി സര്‍വകലാശാലയുടെ കളരിയിലാണ് രാഷ്ട്രീയം പയറ്റി തെളിഞ്ഞത്. 1996 – 97 കാലഘട്ടത്തില്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി. 2007ല്‍ മൂന്ന് തവണ മുന്‍സിപ്പല്‍ കൗണ്‍സിലറായും സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയറായും പ്രവര്‍ത്തിച്ചു. നിലവില്‍ ഡല്‍ഹിയില്‍ ബിജെപി മഹിളാ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയാണ് രേഖ. ഷാലിമാര്‍ ബാഗില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെയും കോണ്‍ഗ്രസിന്റെ പ്രവീണ്‍ കുമാര്‍ ജെയിനിനെയും പിന്തള്ളി 29,000 വോട്ടുകള്‍ക്കാണ് രേഖ ഗുപ്ത വിജയിച്ചത്