ബസ് പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ എറണാകുളം ആർടിഒ ജഴ്‌സനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘത്തിന്റെ റെയ്‌ഡിനെ തുടർന്നാണ് ആർടിഒയും സഹായികളും പിടിയിലായത്.സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കി നൽകുവാൻ ഫോർട്ട് കൊച്ചി ചെല്ലാനം ഭാഗത്തോടുന്ന ബസിന്റെ ഉടമയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടപ്പോഴായിരുന്നു സംഭവം. ആർടിഒയെ കൈക്കൂലി വാങ്ങാൻ സഹായിച്ചിരുന്ന രണ്ട് ഏജന്റ്മാരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.ജഴ്‌സന്റെ പേരിലുള്ള 5 ബാങ്ക് അക്കൗണ്ടുകളാണ് വിജിലൻസ് മരവിപ്പിച്ചത്. ജഴ്സന് പണം നൽകിയതിന്റെ രേഖകളും അന്വേഷണസംഘം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലെ ഇടനിലക്കാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ജഴ്‌സന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്‌ത ചെല്ലാൻ കണ്ടെത്തിയത്. ഭാര്യയുടെ അക്കൗണ്ടും മരവിപ്പിക്കാൻ ബാങ്കിന് നിർദ്ദേശം നൽകുമെന്ന് വിജിലൻസ് അറിയിച്ചു.