എൻഡിഎ മുന്നണി ഉപേക്ഷിച്ച് സജി മഞ്ഞക്കടമ്പിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പി.വി അൻവറിനൊപ്പം കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു എൻ ഡി എ ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനം സജി മഞ്ഞക്കടമ്പിൽ നടത്തിയത്. എ ഡി എ യിൽ ചേർന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഒരു എൻ ഡി എ യോഗത്തിൽ പോലും പങ്കെടുപ്പിച്ചിട്ടില്ല.തങ്ങളുടെ പ്രാതിനിധ്യം പാർട്ടിയിൽ വർദ്ധിക്കുന്ന എന്ന ആശങ്ക എൻഡിഎ യിലെ ചിലർക്കുണ്ടായി. ഇത് അർഹമായ പരിഗണന ലഭിക്കാതെ പോകുന്നതിനിടയാക്കി.മുന്നണിയിൽ ഉൾപ്പെടുത്തിയതായി കാട്ടി ഒരു കത്ത് പോലും ഔദ്യോഗികമായി നൽകിയില്ല എന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
റബ്ബർ, വന്യജീവി ആക്രമണം തെരുവു നായ ആക്രമണം തുടങ്ങിയ കേരള കോൺഗ്രസ് ഡമോക്രാറ്റിക് പാർട്ടി ഉയത്തിയ പല വിഷയങ്ങളും എൻ ഡി എ കേന്ദ്ര സർക്കാരിൻ്റെ പരിഗണനയ്ക്ക് കൊണ്ടു വരുന്നതിലും ശ്രദ്ധ ചെലുത്തിയില്ലെന്നും ആരോപിച്ചു. വന്യജീവി ആക്രമണം, റബർ വിലയിടവ്, മദ്യം, മയക്കുമരുന്ന് വ്യാപനം തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും, ഇതിനായി സജി മഞ്ഞക്കടമ്പിലുമായി ചേർന്നുകൊണ്ട് പ്രവർത്തിക്കുമെന്ന് പി.വി അൻവറും പറഞ്ഞു.ഏപ്രിലിൽ കോട്ടയത്ത് തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗീകമായി ചേരുന്ന ലയന സമ്മേളനം നടക്കുമെന്നും നേതാക്കൾ അറിയിച്ചു.മലപ്പുറം ചുങ്കത്തറയിലെ സി പി എമ്മിനെതിരായ വിവാദ പ്രസംഗത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും, തങ്ങളെയോ, യുഡി എഫ് പ്രവർത്തകരെയോ അടിച്ചാൽ തിരിച്ചടിക്കുമെന്നും, കട്ടിലിനടിയിൽ കയറി ഒളിച്ചിരിക്കില്ലെന്ന് പി.വി അൻവർ വ്യക്തമാക്കി.